കുമ്പളം : എക്കലടിഞ്ഞ് വേമ്പനാട് കായലിന്റെ ആഴവും പരപ്പും കുറയുന്നു. പലയിടത്തും കായലും കരയും തമ്മിലുള്ള ബന്ധംതന്നെ അകന്നു. കായലരോങ്ങളിലടക്കം ചളിയാണ്. വർങ്ങൾക്ക് മുമ്പേ കായലിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു അവസ്ഥ രൂപപ്പെട്ടിരുന്നു. എന്നാൽ രണ്ട് പ്രളയങ്ങൾ വേമ്പനാട് കായലിന്റെ ആഴവും പരപ്പും മാറ്റിയെഴുതി. പ്രളയജലത്തോടൊപ്പം കൂടുതൽ എക്കലും ചളിയും അടിഞ്ഞതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. കായലിന്റെ ആഴം കുറഞ്ഞ് ജലഗതാഗത്തെയും മത്സ്യബന്ധനത്തെയും സാരമായി ബാധിച്ചു.
ജീവിതം വഴിമുട്ടി
വേമ്പനാട് കായലിനെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികൾ നിരവധിയാണ്. പ്രത്യേകിച്ച് കുമ്പളത്ത്. നിലവിലെ കായലിന്റെ അവസ്ഥ മത്സ്യസമ്പത്തിനെ ആകെ ബാധിച്ചു. ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. കരയിൽ നിന്നും 500 മീറ്റർ ദൂരം വരെ എക്കലായതിനാൽ വഞ്ചികൾക്കും ബോട്ടുകൾക്കും അടുക്കാൻ കഴിയുന്നില്ല. നൂറ്കണക്കിന് ചീനവലകളും ഊന്നിവലകളും പ്രവർത്തന രഹികമായി. വളത്തിൽനിന്നു വീണാൽ ചളിയിൽ താഴ്ന്ന് മരണം ഉറപ്പാണ്. കുമ്പളം, കൈതപ്പുഴ, ചേപ്പനം കായലുകളുടേയും കുമ്പളം - ഇടക്കൊച്ചി കായലിന്റെയും അവസ്ഥയും ഇതുതന്നെ.
ആദ്യം ബോട്ട്, കരതൊടാൻ വഞ്ചി
വേലിയിറക്കസമയത്ത് നടുക്കായലിൽ ഒരാൾപ്പൊക്കമാണ് വെള്ളം. ഇതുമൂലം കുമ്പളം നോർത്ത് ജെട്ടിയിൽ നിന്നുള്ള യാത്രാബോട്ട് ഈസമയം മറുകരയിൽ അടുപ്പിക്കാൻ കഴിയില്ല. ഇങ്ങനെ വരുമ്പോൾ യാത്രക്കാരെ ബോട്ടിൽ നിന്നും മറ്റൊരു വഞ്ചിയിൽ കരയ്ക്കെത്തിക്കും. ഇത്തരമൊരു യാത്ര അപകടം വരുത്തിവയ്ക്കുമെന്ന ആശങ്ക യാത്രക്കാർക്കുണ്ട്. പക്ഷേ വീടെത്താൻ വേറെ മാർഗമില്ലാത്തതിനാൽ ദുരിതയാത്ര തുടരുന്നു.
കായലിനെ വീണ്ടെടുക്കണം
വേമ്പനാട്കായൽ മരണത്തോട് മല്ലിടുകയാണ്. പലവട്ടം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എക്കൽ നീക്കി കായലിനെ വീണ്ടെടുക്കണം.
എൻ.പി.മുരളീധരൻ, അപ്പുക്കുട്ടൻ
ഭാരവാഹികൾ
റസിഡന്റ്‌സ് അസോസിയേഷൻ
കുമ്പളം