കിഴക്കമ്പലം:പള്ളിക്കര മനയ്ക്കക്കടവ് റോഡിൽ ഓട്ടയടയ്ക്കൽ മാത്രം. ബി.എം,ബി.സി ടാറിംഗിനു ഫണ്ട് അനുവദിച്ച റോഡിൽ കുഴിയടയ്ക്കൽ തുടങ്ങിയത് കണ്ണിൽ പൊടിയിടാനെന്ന് നാട്ടുകാർ. വർഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും ഇതു വരെ അറ്റകുറ്റപ്പണിയ്ക്ക് നടപടി ഉണ്ടായില്ല. അടുത്തിടെ ബി.എം,ബി.സി ടാറിംഗ് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് അറ്റകുറ്റപ്പണി നടത്താൻ തുടങ്ങിയത്. മഴയ്ക്ക് മുമ്പെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡ് അറ്റകുറ്റപ്പണിയ്ക്ക് നിലവാരമില്ലാത്ത സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പേരിനു ഓട്ടയടയ്ക്കൽ ജോലികൾ നടത്തി തടിയൂരാനാണ് കരാറുകാരന്റെ ശ്രമമെന്നാണ് നാട്ടുകാരുടെ പരാതി.
#അപകടം വർദ്ധിക്കുന്നു
ബി.എം,ബി.സി ടാറിംഗിനു മുന്നോടിയായി ശുദ്ധജല പൈപ്പ് മാറ്റുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ല. നാല് കിലോമീറ്റർ മാത്രം വരുന്ന ദൂരത്തിൽ ഇരുവശങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചതു മൂലം അപകടം വർദ്ധിക്കുകയാണ്.
#എങ്ങുമെത്താതെ നിർമ്മാണം
ബി.എം,ബി.സി ടാറിംഗിനു ഫണ്ട് അനുവദിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ ആശങ്കയുണ്ട്. ഈ റോഡുകളുടെ വീതി വർദ്ധിപ്പിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം, കലുങ്ക്, ഡ്രെയിനേജ് സംവിധാനങ്ങൾ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മനയ്ക്കക്കടവ് കിഴക്കമ്പലം പട്ടിമറ്റം, പട്ടിമറ്റം പത്താംമൈൽ, പട്ടിമറ്റം നെല്ലാട് റോഡുകൾ ബി.എം,ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി കിഫ്ബി 32.64 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല.