കൊച്ചി: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് യാത്രാ സൗകര്യത്തിന് കൂടുതൽ ബസുകൾ സജ്ജാമാക്കി കെ.എസ്.ആർ.ടി.സി. ഇന്നലെ പ്രവാസികളെയും വഹിച്ചെത്തിയ അഞ്ചു വിമാനങ്ങളിലെ യാത്രാക്കാർക്കായി 55 ബസുകൾ എറണാകുളത്ത് നിന്ന് സർവീസ് നടത്തി. പ്രവാസികളെ മറ്റു ജില്ലകളിലേക്ക് എത്തിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്.

എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയ മൂന്നു പ്രത്യേക ട്രെയിനിലെ യാത്രാക്കാർക്കായി കെ.എസ്.ആർ.ടി.സി. 65 അധികം സർവീസുകളും ഏർപ്പെടുത്തി. കൊവിഡ് ബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എത്തിയ 145 യാത്രാക്കാർക്ക് 35 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്.

ഇന്നലെ ഉച്ചക്ക് ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് എത്തിയ ട്രെയിനിലെ യാത്രക്കാർക്കായി ഏഴു ബസുകളാണ് ക്രമീകരിച്ചു. പുലർച്ചെ ഡൽഹിയിൽ നിന്നെത്തിയ രാജധാനി എക്‌സ്പ്രസിലെ യാത്രാക്കാർക്കായി 23 ബസുകൾ ഒരുക്കി. തൃശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് ബസ് ഓടിച്ചു.

വിദ്യാർത്ഥികൾക്ക് 30 സർവീസ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി എറണാകുളം ജില്ലയിൽ 30 ബസുകളാണ് അധികം ഓടിയത്. വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൂരം കാൽനടയായി സ്‌കൂളിലേക്ക് എത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു കൂടുതൽ ബസുകൾ നിരത്തിലിറക്കിയത്.
ബസ് ആവശ്യമുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് മുൻകൂട്ടി കണ്ടെത്തിയിരുന്നു. സ്‌കൂളുകളുടെ സമീപത്ത് അഞ്ചു മുതൽ ആറു വരെ കിലോമീറ്റർ ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പരീക്ഷയ്‌ക്കെത്തിച്ചു.

സുരക്ഷ ഉറപ്പാക്കും
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സമയബന്ധിതമായി പരിശോധന നടത്തി ഉറപ്പാക്കുന്നുണ്ട്. ജില്ലയിൽ 203 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. അധികമായി ഓടിയത്. ഇതിൽ 30 എണ്ണം വിദ്യാർത്ഥികൾക്കും മറ്റുള്ളവ പൊതുജനങ്ങൾക്കുമായി സജ്ജമാക്കിയിരുന്നു.


വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം