മൂവാറ്റുപുഴ: അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് സൗജന്യ ക്വാറന്റൈൻ സെന്റർ ഒരുക്കി സി.പി.ഐ, എ. ഐ. വൈ. എഫ് പ്രവർത്തകർ. ആവോലി ഗ്രാമപഞ്ചായത്തിലെ നടുക്കരയിലാണ് അന്യസംസ്ഥനത്ത് നിന്നും വരുന്നവർക്ക് ക്വാറന്റൈൻ ചെയ്യുന്നതിന് ഇരുനില കെട്ടിടമടക്കം രണ്ട് വീടുകൾ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പൂനയിൽ നിന്നും ഇന്റേണർഷിപ്പ് കഴിഞ്ഞ് എത്തിയ വിദ്യാർത്ഥിയെ ക്വാറന്റൈൻ ചെയ്താണ് സെന്റർ പ്രവർത്തനമാരംഭിച്ചത്. അന്യസംസ്ഥാനത്ത് എത്തിയശേഷം ഹോം ക്വാറന്റൈൻ ചെയ്യുന്നതിന് സൗകര്യമില്ലാത്തവർക്ക് വേണ്ടിയാണ് ഇരുവീടുകളും സജ്ജീകരിച്ചിരിക്കുന്നത്. ഇരുവീടുകളുടെയും ഉടമസ്ഥർ വിദേശത്തായതിനാൽ അടഞ്ഞ് കിടന്ന വീടുകളാണ് സെന്ററാക്കിയത്.ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും സൗജന്യമായി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി, എ. ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ നേതാക്കളായ സൈജൽ പാലയത്ത്, വി.എസ്.അനസ്, അജിമോൻ ജോസ്, അബിൽ മാത്യു, അനന്തു രാജൻ എന്നിവരാണ് ക്വാറന്റൈൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.