കോലഞ്ചേരി: പട്ടിമറ്റത്തെ പ്ളൈവുഡ് കമ്പനിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ടി.എം മനോജ് കമ്പനിയിലെത്തി പരിശോധന നടത്തി. കമ്പനിയുടെ പുകക്കുഴലിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കത്തിക്കരഞ്ഞ നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കമ്പനിയിലെ 85 അസം ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. പത്തുപേരെവീതം ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യംചെയ്തുവരികയാണ്. ഇവരറിയാതെ കൊല നടക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.
മൃതദേഹത്തിന്റെ രണ്ടുകാലുകളും വേർപെട്ടിരുന്നു. മാരകായുധം കൊണ്ടുള്ള അക്രമത്തിലാകാം ഇതെന്നാണ് പൊലീസ് അനുമാനം. വരും ദിവസങ്ങളിൽ തൊഴിലാളികളുടെ താമസസ്ഥലം ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തും.
വിവിധ പ്ളെവുഡ് കമ്പനികളിൽ ജോലി ചെയ്തിരിക്കെ തൊഴിലുടമയോടോ കമ്പനി സൂപ്പർവൈസറോടോ പറയാതെ കമ്പനി വിട്ടുപോയ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.