കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ രണ്ടാം ദിവസവും ജാഗ്രത കുറയാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രണ്ടാം ദിവസവും നടന്നു. രാവിലെ പ്ലസ് ടു, വി എച്ച് എസ് സി വിഭാഗത്തിലായിരുന്നു പരീക്ഷ. എസ്.എസ്.എൽ.സി. ഫിസിക്‌സ് പരീക്ഷ ഉച്ചയ്ക്ക് നടന്നു. കുട്ടികൾ കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കി.
പത്താം ക്ലാസുകാരുടെ ഫിസിക്‌സ് പരീക്ഷയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചത്. ചോദ്യങ്ങൾ കൂടുതൽ വിദ്യാർത്ഥികൾക്ക് എളുപ്പമായിരുന്നു. എങ്കിലും ചില ചോദ്യങ്ങൾ കുഴക്കിയതിനാൽ ഉത്തരം കണ്ടെത്താൻ പ്രയാസപ്പെട്ടതായി ഇടക്കൊച്ചി ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ അഖിൽ പറഞ്ഞു.
ജില്ലയിൽ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം നാലു വിദ്യാഭ്യാസ ഉപജില്ലകളിൽ 31,688 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. സ്കൂളുകളിൽ രാവിലെ എട്ട് മണി മുതൽ തന്നെ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം അദ്ധ്യാപകർക്ക് മതിയായ തോതിൽ കയ്യുറകൾ കിട്ടിയില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ക്ഷാമം പരിഹരിച്ചു. ഇന്നലെ കാര്യമായ പരാതികളുണ്ടായിട്ടില്ല. ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഒരാഴ്ച അതത് സ്‌കൂളുകളിൽ തന്നെ സൂക്ഷിക്കണമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദ്ദേശം. ഇത് തിരുത്തി അന്നന്ന് തന്നെ മൂല്യനിർണ്ണയത്തിനായി അയക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ അതത് ദിവസം തന്നെ സ്‌കൂളുകളിൽ നിന്നും അയച്ചു. ഇന്ന് പത്താം ക്ലാസുകാർക്ക് കെമിസ്ട്രി പരീക്ഷ നടക്കും.