പള്ളുരുത്തി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം സ്വകാര്യ ബസുകൾ പശ്ചിമകൊച്ചിയിൽ നിരത്തിലിറങ്ങിയെങ്കിലും സഞ്ചരിക്കാൻ ആളില്ലാത്തതിനെ തുടർന്ന് സർവീസ് നിർത്തിവെക്കാൻ ഒരുങ്ങുന്നു. കൊവിഡ് രോഗഭീതിക്ക് മുൻപ് വരെ യാത്രക്കാരെ കയറ്റി യാത്രചെയ്തിട്ടും നഷ്ടത്തിന്റെ കണക്കുകൾ നിരത്തുന്നവരാണ് സ്വകാര്യ ബസ് ഉടമകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബസിൽ കൂടുതൽ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികാരികൾ അറിയിച്ചു.
# ബസുകൾക്ക് നഷ്ടം മാത്രം
ഒരു സീറ്റിൽ ഒരാളെ ഇരുത്തിയാണ് യാത്ര. 49 സീറ്റുള്ള ബസുകളിൽ പരമാവധി 24 പേർക്ക് സഞ്ചരിക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ സർവീസ് നടത്തിയാൽ ഡീസൽ അടിക്കാനുളള പണം പോലും ലഭിക്കില്ലെന്നാണ് ബസുടമകൾ പറയുന്നത്. ടിക്കറ്റ് നിരക്ക് 8 രൂപ എന്നത് 4 രൂപ കൂട്ടിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്.
#ബസുകൾ അണുവിമുക്തമാക്കി
മോട്ടോർ വാഹനവകുപ്പ് കൊച്ചി നിയോജക മണ്ഡലത്തിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. പൊതുഗതാഗതം ഉപയോഗിക്കുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ജെബി ചെറിയാൻ അറിയിച്ചു. അണുവിമുക്ത ചടങ്ങുകൾക്ക് ഉദ്യോഗസ്ഥൻമാരായ എ. ആർ. രാജേഷ്, വിനീത്, സുലൈമാൻ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.