കൊച്ചി : ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ചതും, ഉപയോഗിക്കാതെ കിടക്കുന്നതുമായ നിലവിളക്കുകളും ഒാട്ടുപാത്രങ്ങളും ലേലം ചെയ്യുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു നൽകിയ ഹർജിയിലാണിത്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഒാട്ടുപാത്രങ്ങളും ലേലംചെയ്യാനും ദേവസ്വംവകഭൂമി കൃഷിയാവശ്യങ്ങൾക്ക് പാട്ടത്തിനു നൽകാനും മേയ് 15 ന് ബോർഡ് തീരുമാനിച്ചത് തന്ത്രിയോടോ ഹിന്ദുമത സംഘടനകളോടോ ആലോചിക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു. നിലവിളക്കുകളും ഒാട്ടുപാത്രങ്ങളും ആക്രിവിലയ്ക്ക് ലേലം ചെയ്യാതെ, ക്ഷേത്രങ്ങളിലെ കൗണ്ടറുകൾ വഴി വിൽക്കാൻ നിർദേശിക്കണം. കാണിക്കയർപ്പിച്ച നിലവിളക്കുകളും ഒാട്ടുപാത്രങ്ങളും ദൈവികമാണെന്ന് ഭക്തർ വിശ്വസിക്കുന്നു സ്വർണം, വെള്ളി ആഭരണങ്ങൾ തരംതിരിക്കാനും ബോർഡിന്റെ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. പല ആഭരണങ്ങളും അമൂല്യരത്നങ്ങൾ പതിച്ചവയാണ്. ഇവയുടെ പൗരാണികമൂല്യം തിരിച്ചറിയാനുള്ള കഴിവ് ജീവനക്കാർക്കില്ല. പൗരാണികമൂല്യം വിലയിരുത്താൻ വിദഗ്ദ്ധരുടെയും പങ്കാളിത്തംവേണം. ഭക്തരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.
ദേവസ്വം ബോർഡ്
പറഞ്ഞത്:
കാണിക്ക എണ്ണുന്നിടത്തോ സ്ട്രോംഗ് റൂമുകളിലോ ഭക്തരുടെ പ്രതിനിധികളെ പ്രവേശിപ്പിക്കാറില്ല.
ആഭരണങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ബോർഡിന് പ്രത്യേക ജീവനക്കാരുണ്ട്.
ഉപയോഗിക്കാത്ത ഒാട്ടുപാത്രങ്ങളുടെയും നിലവിളക്കുകളുടെയും കണക്കെടുക്കും.
2012 ൽ ഇത്തരം ലേലത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
ദേവസ്വംഭൂമി കൃഷിക്ക് പാട്ടത്തിനു നൽകാനും അനുമതിതേടും.
ആദ്യഘട്ടത്തിൽ ക്ഷേത്രജീവനക്കാരെ പങ്കാളിയാക്കി കൃഷി ചെയ്യും.
ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികളും മറ്റും അന്നദാനത്തിന് ഉപയോഗിക്കാം.
ദേവസ്വംഭൂമി പാട്ടത്തിനു നൽകുന്നതിന് മാർഗനിർദേശങ്ങൾ തയ്യാറാക്കും.