മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മേക്കടമ്പ് - മഴുവന്നൂർ റോഡ് നവീകരണത്തിന് നബാർഡിൽ നിന്ന് ഒമ്പതുകോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാളകം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ് ഇത്. കൊച്ചി - മധുര ദേശീയ പാതയിലെ മേക്കടമ്പ് പഞ്ചായത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പെരുവംമൂഴി വലമ്പൂർ റോഡിലേക്ക് എത്തിച്ചരുന്ന 10 കിലോമീറ്റർ റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യും. റോഡിൽ വെള്ളകെട്ടുള്ള ഭാഗങ്ങളിൽ ഓടയടക്കം നിർമിക്കും.