ആലുവ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പൊലീസിനൊപ്പം സന്നദ്ധ പ്രവർത്തകരും രംഗത്ത്. ഇതിനകം നിരവധി പേരാണ് പൊലീസ് വോളന്റിയറാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസുദ്യോഗസ്ഥരെ സഹായിക്കുന്നതിനാണ് ഇവരെ നിയോഗിക്കുകയെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
വോളന്റിയർമാരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പൊലീസ് വോളന്റിയറുടെ ആം ബാൻഡ് നൽകും. രണ്ടു പേരടങ്ങുന്ന പൊലീസ് സംഘത്തിൽ ഒരാളായി ഈ വോളന്റിയറും ഉണ്ടാകും. ബൈക്ക് പട്രോളിംഗ് യൂണിറ്റിലും ഇവരുടെ സാന്നിദ്ധ്യമുണ്ടാകും. വോളന്റിയർമാരുടെ ലിസ്റ്റ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നി സബ്ഡിവിഷനുകളിലെ മുഴുവൻ സ്റ്റേഷനുകളിലും ഇവരുടെ പ്രവർത്തനം ലഭ്യമാക്കും.