jayasurya

കൊച്ചി: മലയാളസിനിമ ഓൺലൈൻ പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിച്ച് സംഘടനകൾ. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നത് തടയില്ല. എന്നാൽ ആ ചിത്രങ്ങൾ തിയേറ്റുകളിലേക്കെടുക്കില്ലെന്നും ചലചിത്ര സംഘടനകൾ വ്യക്തമാക്കി. ഇന്നലെ കൊച്ചിയിൽ വിവിധ സംഘടനകളുമായി കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓൺലൈൻ റിലീസ് നടത്തുന്ന ചിത്രങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കും. ചർച്ചയിൽ ഒ.ടി.ടി റിലീസ് ആശ്വാസകരമാകുമെന്ന് ചില നിർമാതാക്കൾ അറിയിച്ചതിനെത്തുടർന്നാണ് തടയേണ്ടെന്ന തീരുമാനമെടുത്തത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ ചിത്രീകരണം നിലച്ച അറുപതോളം സിനിമകളുടെ നിർമാതാക്കളിൽ ഏറെപ്പേരും തിയേറ്റർ റിലീസിനാണ് താത്പര്യമെന്ന് അറിയിച്ചു. ഒ.ടി.ടി റിലീസിന് താത്പര്യമുള്ള നിർമ്മാതാക്കൾ ഈ മാസം 30ന് മുമ്പ് സംഘടനയെ സമീപിക്കണമെന്ന നിർദേശം ചേംബർ മുന്നോട്ട് വച്ചെങ്കിലും ഇതുവരെ ആരും വന്നിട്ടില്ല.

വിജയ്ബാബു നിർമിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രം ഓൺലൈനിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. ഈ ചിത്രം തിയേറ്ററുകളുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും ഓൺലൈൻ റിലീസിനെക്കുറിച്ച് സംഘടനയുമായി ചർച്ച നടത്തിയിരുന്നില്ലെന്നും കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചു. തിയേറ്റർ ഉടമകൾ നിർമ്മാതാക്കൾക്കും തിരിച്ചും നൽകാനുള്ള തുകകൾ എത്രയുംവേഗം കൊടുത്തുതീർക്കാനും ധാരണയായി.