anwar-sadath-mla
ക്വാറന്റൈൻ പൂർത്തിയാക്കിയ മടങ്ങുന്ന ദമ്പതികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അൻവർ സാദത്ത് എം.എൽ.എക്ക് കൈമാറുന്നു

ആലുവ: നിരീക്ഷണ കാലയളവ് പൂർത്തിയാക്കി സർക്കാർ ക്വാറന്റൈനിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ പ്രവാസി ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകി. മലയാറ്റൂർ മാലിറോഡ് തന്നാപ്പിള്ളി വീട്ടിൽ ബിജൂ കുര്യാക്കോസും, ഭാര്യ സിജി തോമസുമാണ് സംഭാവന നൽകിയത്. പണം അവർ സാദത്ത് എം.എൽ.എ സ്വീരിച്ചു.കുവൈറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ബിജു ഡ്രൈവറും സിജി ബ്യൂട്ടിഷ്യനുമായിരുന്നു. രണ്ടുമാസമായി ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടെ മടക്കയാത്രക്ക് ടിക്കറ്റ് ലഭിച്ചത്. കൊച്ചിയിലെത്തിയ ഇവർ കളമശ്ശേരി എസ്.സി.എം.എസ് കോളേജിലെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലായിരുന്നു. ഇന്നലെ തിരിച്ചു വീട്ടിലേക്കു പോകുന്നതിനു മുമ്പ് എം.എൽ.എയോടും മറ്റു ജനപ്രതിനിധികളോടും നാട്ടിൽ ലഭിച്ച സഹായങ്ങൾക്കും നന്ദി പ്രകാശിപ്പിച്ച ശേഷമാണ് ദുരിതാശ്വാസനിധിയിലേക്കുള്ള പണം കൈമാറിയത്. ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സതീഷ് കുമാർ, ബാബു പുത്തനങ്ങാടി, പ്രദീപ് പി. തേവന്നൂർ, പി.എം.എ ലത്തീഫ്, മുഹമ്മദ് ഷെഫീക്ക് എന്നിവരും സന്നിഹിതരായിരുന്നു. ഈ തുക ആലുവ സബ് ട്രഷറിയിൽ അടച്ച് രസീത് ഇവർക്ക് കൈമാറുകയും ചെയ്തു.