ആലുവ: കൊവിഡ് ഹോട്ട് സ്പോട്ടായ ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് വന്ന രാജ്‌കോട്ട് - തിരുവനന്തപുരം ട്രെയിയിൽ നിന്ന് ആലുവയിൽ ഇറങ്ങിയത് 234 യാത്രക്കാർ. ഇതിൽ രോഗലക്ഷണം കാണിച്ച 18 പേരെ ജില്ലയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻന്റൈനിലാക്കി.
മുൻ തീരുമാനത്തിൽ നിന്ന് വ്യത്യസ്ഥമായി കോഴിക്കോടിനും ആലുവയ്ക്കും പുറമെ കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതിനാലാണ് ആലുവയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ട്രെയിൻ രാജ്കോട്ടിൽ നിന്ന് യാത്ര തിരിക്കുംമുമ്പ് കേരളത്തിൽ കോഴിക്കോടും ആലുവയിലും മാത്രമാണ് സ്റ്റോപ്പാന്നാണ് അറിയിച്ചിരുന്നത്. ക്വാറന്റൈൻ സൗകര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് കേരളത്തിൽ സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. എന്നാൽ ട്രെയിൻ പുറപ്പെട്ടതിന് ശേഷം നിലവിലുള്ള സ്റ്റോപ്പുകൾക്ക് പുറമേ ഗോവ, മംഗളൂരു, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.
ആലുവയിൽ ഇറങ്ങിയ യാത്രക്കാരിൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലയിൽ നിന്നുള്ളവരെ ക്വാറന്റൈൻ ചെയ്യാനായി അതത് ജില്ലകളിലെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ട്രെയിൻ ആലുവയിലെത്തിയത്. റെയിൽവെ, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരാണ് യാത്രക്കാരെ പരിശോധിച്ച് ഇവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. മറ്റ് ജില്ലകളിലെ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി 22 കെ.എസ്.ആർ.ടി.സി ബസുകളും, 18 ടാക്‌സി കാറുകളും മൂന്ന് ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. ട്രെയിൻ എത്തുന്നതിന് മുന്നോടിയായി ആലുവ റെയിൽവെസ്‌റ്റേഷൻ സ്‌ക്വയറിലെ ആളുകളെ ഒഴിപ്പിച്ചു.