കൊച്ചി: തപാൽവകുപ്പിന്റെ സഹായത്തോടെ പാഠപുസ്തക വിതരണത്തിൽ മാതൃകയായി വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ. വരുന്ന അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വിതരണം തപാൽ വകുപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികളുടെ പക്കൽ നേരിട്ടെത്തിക്കുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നത്.
രക്ഷിതാക്കൾ വിദ്യാർത്ഥിയുടെ പേര്, അഡ്മിഷൻ നമ്പർ, പിൻകോഡോടുകൂടിയ പൂർണ മേൽവിലാസം എന്നിവ ക്ലാസ് ടീച്ചർക്ക് വാട്‌സ്ആപ്പ് വഴി അറിയിച്ചാൽ മതി. ഓർഡർ ലഭിച്ചതിനു ശേഷം പോസ്റ്റ്മാൻ സ്‌കൂളിൽനിന്നും പുസ്തകക്കെട്ടുകൾ ശേഖരിച്ച് വിതരണത്തിനായി ഒരു ദിവസം നിശ്ചയിക്കും. ഈ വിവരം രക്ഷിതാക്കളെയും അറിയിക്കും. പിന്നീട് ഓരോ കുട്ടിയുടെയും വീട്ടിൽ പോസ്റ്റ്മാൻ പാഠപുസ്തകങ്ങൾ എത്തിക്കും.
സ്‌കൂളിൽ നിന്നുള്ള ദൂരം, പുസ്തകക്കെട്ടുകളുടെ ഭാരം എന്നിവയുടെ അടിസ്ഥാനത്തിൽ പോസ്റ്റൽചാർജ് 150 മുതൽ 250
രൂപ വരെയാണ്. പുസ്തകക്കെട്ടുകൾ കൈമാറുമ്പോൾ തുക നൽകിയാൽ മതി. കൈപ്പറ്റിയ തുക തപാൽവകുപ്പ് സ്‌കൂളിന് കൈമാറും. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ സുരക്ഷിതരായിരിക്കുക എന്നതാണ് ഈ കർമ്മ പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് പ്രിൻസിപ്പൽ ജുബി പോൾ പറഞ്ഞു