വൈപ്പിൻ : പട്ടാപ്പകൽ ജ്വല്ലറിയിൽ കയറിയ യുവാവ് രണ്ട് പവന്റെ സ്വർണ്ണമാല കവർന്നു. ഇന്നലെ ഉച്ചക്ക് ഒരു മണയോടെ ഞാറക്കൽ മജസ്റ്റിക്ക് തിയറ്ററിന് മുന്നിലുള്ള അതുല്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഈ സമയം ജ്വല്ലറിയിൽ സെയിൽസ് ഗേൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് പവന്റെ മാല ആവശ്യപ്പെട്ടതിനെ തുടർന്ന് സെയിൽസ് ഗേൾ മാല എടുത്ത് കാണിച്ചു. ഇഷ്ടപ്പെട്ടതിനെതുടർന്ന് തൂക്കം നോക്കി വില കണക്കുക്കൂട്ടുന്നതിനിടയിൽ മാല വാങ്ങി കഴുത്തിലണിഞ്ഞു. തുടർന്ന് എഴുന്നേറ്റ് അൽപ്പ നേരം നിന്ന് പരിസരം വീക്ഷിച്ച ശേഷം നേരെ പുറത്തേക്ക് ഇറങ്ങി പോകുകയാണ് ചെയ്തത്. സെയിൽസ് ഗേൾ ഓടിയെത്തിയപ്പോഴേക്കും നീല നിറത്തിലുള്ള ഡിയോ സ്‌കൂട്ടറിൽ കടന്ന് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തി ജ്വല്ലറിയിലെ സി.സി.ടിവി ദൃശ്യം പരശോധിച്ചു. സമീപത്തെ സി സി ടി വി കാമറകളും പരശോധിച്ച് വരികയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.