കോലഞ്ചേരി: സ്കൂൾ തുറക്കും മുമ്പേ പുസ്തകങ്ങളും കുടയും ബാഗും വാങ്ങാൻ ഓടിനടക്കാറുള്ള രക്ഷിതാക്കൾ ഇക്കൊല്ലം പായുന്നത് ഓൺ ലൈൻ പഠനസംവിധാനമൊരുക്കാനുള്ള സാധനങ്ങൾക്ക് വേണ്ടി. ലോക്ക് ഡൗൺ ദാരിദ്ര്യത്തിനിടെ പതിനായിരങ്ങൾ ചിലവുള്ള പരിപാടി പാവപ്പെട്ട കുടുംബങ്ങളെ പ്രതിസന്ധിയിലുമാക്കി.

ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെ​റ്റ്, മൊബൈൽ ഫോൺ ഹോൾഡറുകൾ, ട്രൈപ്പോഡുകൾ, ബ്ളൂടൂത്ത് ഹെഡ് ഫോണുകൾ, വെബ് കാമറകൾ എന്നിവയന്വേഷിച്ച് നടപ്പാണ് കുട്ടികളും ബന്ധുക്കളും.

ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന സർക്കാർ നിർദേശം വന്നതോടെ സകലരും ഇതിനു പിറകേയാണ്.

ഒന്നിൽ കൂടുതൽ വിദ്യാർത്ഥികളുള്ള വീടുകളാണെങ്കിൽ അധികമായി ഒരു മൊബൈലോ ലാപ്‌ ടോപ്പോ കൂടി വാങ്ങേണ്ടിവരും.

ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ ഡിജി​റ്റൽ ഉപകരണങ്ങളുടെ വിപണി വീണ്ടും സജീവമായിട്ടുണ്ട്.

വെബ് ക്യാമറ, വൈ ഫൈ മോഡം, ലാപ്‌ ടോപ്പ്, ടാബ് എന്നിവയുടെ വിൽപ്പനയാണ് കൂടുതൽ നടക്കുന്നതെന്ന് കോലഞ്ചേരിയിലെ സൈബർ സോൺ വ്യാപാര സ്ഥാപന ഉടമ രതീഷ് പറഞ്ഞു. 10,000 മുതൽ 20,000 രൂപ വരെയുള്ള മൊബൈൽ ഫോൺ, ടാബ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. 20,000 മുതൽ 30,000 രൂപ വരെയുള്ള ലാപ്‌ ടോപ്പുകളാണ് കൂടുതൽപേരും വാങ്ങുന്നത്.

മിക്ക സ്ഥാപനങ്ങളും വർക്ക് അ​റ്റ് ഹോം പ്രോത്സാഹിപ്പിച്ചതും ഓഫീസുകളിലെ മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ആക്കിയതും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയുടെ വിപണി ഉഷാറാകാൻ കാരണമായിട്ടുണ്ട്. ചൈനയിൽനിന്നുള്ള ഇറക്കുമതി നിലച്ചത് വിപണിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.

എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ കുടുംബ ശ്രീ ലോൺ വരെയെടുത്താണ് മക്കളെ സ്കൂളിൽ അയക്കാറുള്ളത്. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ ഉള്ള ലോണൊക്കെ എടുത്തു. ഓൺ ലൈൻ പഠനമൊരുക്കാൻ എന്തു ചെയ്യമെന്നൊരെത്തും പിടിയുമില്ല

ഗീത രമണൻ, വീട്ടമ്മ, കിഴക്കമ്പലം