കൊച്ചി: ലോക്ക് ഡൗൺ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരസ്യബോർഡുകൾക്ക് ആറുമാസത്തെ വാടകയിളവ് നൽകാൻ ഭൂവുടമകളും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എ.ഐ.എ) ആവശ്യപ്പെട്ടു. ഒൗട്ട് ഡോർ പരസ്യമേഖലയിൽ സ്വയംതൊഴിൽ സംരംഭകരാണ് ഭൂരിപക്ഷവും. ഒരുലക്ഷത്തോളം പേർ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. സാമ്പത്തികമാന്ദ്യം മൂലം പരസ്യവ്യവസായ മേഖല പ്രതിസന്ധിയിലായിരുന്നു. പകുതിയോളം ബോർഡുകൾ പരസ്യങ്ങളില്ലാതെ കിടക്കുകയാണ്. കൊവിഡ് വ്യാപനത്തോടെ പരസ്യങ്ങൾ ഇല്ലാതായി.

പരസ്യ ബോർഡുകളിൽ 90 ശതമാനവും സ്വകാര്യ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. വാർഷിക വാടകയുടെ പകുതി മുൻകൂറായി നൽകിയാണ് ബോർഡുകൾ സ്ഥാപിച്ചത്. പരസ്യങ്ങൾ പൂർണമായി പിൻവലിക്കപ്പെട്ടതോടെ വരുമാനവും നിലച്ചു. സമീപകാലത്തെന്നും പഴയ സ്ഥിതിയിലെത്താനിടയില്ല. വീടുകൾക്കും ഫ്ളാറ്റുകൾക്കുന വാടകയിളവ് നൽകിയതുപോലെ ബോർഡുകൾക്കും വാടക ഒഴിവാക്കി നൽകണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി രമേഷ് ബാബു ആവശ്യപ്പെട്ടു.