സർക്കാരിനോടു വിശദീകരണം തേടി
കൊച്ചി : കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി എഴുതിയ കത്ത് സ്വമേധയാ ഹർജിയായി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ,സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. ജൂൺ അഞ്ചിനകം സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം.
ദുരന്ത നിവാരണ അതോറിട്ടിയെയും ഉൗർജ്ജ, ജല വിഭവ സെക്രട്ടറിമാരെയും കേസിൽ കക്ഷി ചേർക്കും.
മൺസൂണിന് മുമ്പേ, ഇടുക്കി ഡാമിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്ന മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് മേയ് 14 ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് കത്തെഴുതിയത്.ലോക്ക് ഡൗണിൽ വൈദ്യുതി ഉല്പാദനം കുറഞ്ഞതും, ജനറേറ്ററുകളിൽ ചിലതു പ്രവർത്തിക്കാത്തതും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടാൻ കാരണമായി.ഡാമുകളിലെ ജലനിരപ്പ് യഥാസമയം നിയന്ത്രിക്കാതിരുന്നത് മുൻ വർഷത്തെ പ്രളയ ദുരന്തത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് ഉൗഹിക്കാം. ഇത്തവണ മൺസൂണിന് മുമ്പ് ജലനിരപ്പ് ഉയരുന്നത് ഗൗരവത്തോടെ കാണണമെന്നും കത്തിൽ പറയുന്നു.
ആശങ്ക വേണ്ടെന്ന്
സർക്കാർ
ഡാമുകളിലെ ജലനിരപ്പ് ലാ സെക്രട്ടറി, പവർ സെക്രട്ടറി, ചീഫ് എൻജിനീയർമാർ തുടങ്ങിയവരുൾപ്പെട്ട ഉന്നതതല സമിതി മേയ് 12 ന് യോഗം ചേർന്ന് പരിശോധിച്ചെന്നും, എമർജൻസി ആക്ഷൻ പ്ളാൻ ഉൾപ്പെടെ നടപ്പാക്കാൻ നടപടിയെടുത്തെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് നേരത്തേ പ്രളയത്തിന് കാരണമായെന്ന ആക്ഷേപം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ വാദിച്ചു.