കൊച്ചി: ലോക്ക് ഡൗൺ കാലമൊന്ന് കഴിഞ്ഞോട്ടെ, കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറ പേട്ടയിലെത്തും. നിർമ്മാണം പൂർത്തിയായ പാതയ്ക്ക് ദിവസങ്ങൾക്കകം സുരക്ഷാ അനുമതി ലഭിക്കും. പിറ്റേന്നു തന്നെ സർവീസ് ആരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങി.
ആലുവയിൽ ആരംഭിച്ച് പേട്ടയിൽ അവസാനിക്കുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ടമാണ് പൂർത്തിയാകുന്നത്.
ഇപ്പോൾ തൈക്കൂടം വരെയാണ് സർവീസ്. തൈക്കൂടം മുതൽ പേട്ട വരെ ഒന്നര കിലോമീറ്റർ നിർമ്മാണം ലോക്ക് ഡൗണിന് മുമ്പേ പൂർത്തിയായിരുന്നു. പരീക്ഷണയോട്ടവും നടത്തി. ലോക്ക് ഡൗൺ ഇളവിൽ ശേഷിച്ച ജോലികൾ പൂർത്തിയാക്കി.
ട്രാക്ക്, സിഗ്നൽ, അനുബന്ധ സംവിധാനങ്ങൾ എന്നിവ മെട്രോ റെയിവെയുടെ സുരക്ഷാ കമ്മിഷണർ കഴിഞ്ഞ ദിവസം പരിശോധിച്ചു. സുരക്ഷാ സർട്ടിഫിക്കറ്റ് ഏതാനും ദിവസങ്ങൾക്കകം ലഭിക്കുമെന്ന് നിർമ്മാണച്ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അധികൃതർ അറിയിച്ചു.
മെട്രോ റെഡി
പേട്ട വരെ സർവീസ് നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ) ഒരുക്കങ്ങൾ പൂർത്തിയാക്കി. ലോക്ക് ഡൗൺ കാലത്തും ട്രെയിനുകൾ ഓടിച്ച് പരീക്ഷണം നടത്തി സംവിധാനങ്ങൾ ഭദ്രമാണെന്ന് ഉറപ്പുവരുത്തി.
പേട്ട സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പേട്ട സ്റ്റേഷനിൽ ജീവനക്കാരുടെയും കുടുംബശ്രീ ജീവനക്കാരെയും വിന്യസിച്ചു. സർവീസ് നടത്തുന്നില്ലെങ്കിലും പരിമിതമായ ജീവനക്കാർ ദിവസവും ജോലിക്ക് ഹാജരാകുന്നുണ്ട്. സർവീസ് തീരുമാനിച്ചാൽ ആവശ്യമായ ജോലിക്കെത്താൻ മുഴുവൻ ജീവനക്കാർക്കും നിർദ്ദേശം നൽകയിട്ടുണ്ട്.
അനുമതി പ്രതീക്ഷയിൽ
പേട്ട വരെ സർവീസ് ആരംഭിക്കാൻ തിയതി നിശ്ചയിച്ചിട്ടില്ല. സർവീസ് പുനരാരംഭിക്കാനും കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക് ഡൗൺ ഇളവ് ലഭിച്ചാൽ അടുത്തയാഴ്ച ആരംഭിക്കാനാണ് ലക്ഷ്യം.
വക്താവ്
കെ.എം.ആർ.എൽ
രണ്ടു പണികൾ ബാക്കി
മെട്രോ നിർമ്മാണത്തിന് ഡി.എം.ആർ.സി ഏറ്റെടുത്ത രണ്ടു പണികൾ കൂടി പൂർത്തിയാകാനുണ്ട്. എറണാകുളം സൗത്ത് സ്റ്റേഷന്റെ പണിയാണ് ഒന്ന്. ട്രാക്കിന്റെ ഒരു വശത്തെ കെട്ടിടത്തിന്റെ സിവിൽ ജോലികളാണ് ബാക്കി. ആഗസ്റ്റോടെ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ചമ്പക്കര പാലം പണിയാണ് മറ്റൊന്ന്. പഴയ പാലം പൊളിച്ചുനീക്കി നാലുവരി പാലമാണ് നിർമ്മിക്കുന്നത്. കിഴക്കുവശത്തെ രണ്ടു വരി പാലം മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. പടിഞ്ഞാറേ വശത്തെ നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്തംബർ ആദ്യവാരം പാലം പണിയും പൂർത്തിയാക്കുകയാണ് ഡി.എം.ആർ.സിയുടെ ലക്ഷ്യം.