ന്യൂഡൽഹി: രാജ്യത്തിന്റെ കൊറോണ ട്രാക്കിംഗ് മൊബൈൽ ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിലെ പാളിച്ചകൾ കണ്ടെത്തുന്നവർക്ക് മൂന്ന് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മികച്ച നിർദ്ദേശങ്ങൾക്ക് ഒരുലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിനെ ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യത പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി 'ബഗ് ബൗണ്ടി' എന്ന പേരിലുള്ള പ്രോഗ്രാം കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ സമ്മാനപ്രഖ്യാനങ്ങൾ.
ബഗ് ബൗണ്ടി പ്രോഗ്രാമിൽ ഇന്ത്യക്കാർക്ക് മാത്രമല്ല വിദേശികൾക്കും പങ്കെടുക്കാമെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ സമ്മാനത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. ലോകത്ത് ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ആപ്ലിക്കേഷന്റെ ഓപ്പൺ സോഴ്സ് പൊതുജനങ്ങൾക്കായി നല്‍കുന്നതെന്ന് നീതിയ ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അമിതാഭ് കാന്ത് പറഞ്ഞു. ആപ്ലിക്കേഷൻ 12 കോടിയോളം പേർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾ, റെയിൽ ഗതാഗതം ഉൾപ്പടെ പല സേവനങ്ങൾക്കും ഈ ആപ്ലിക്കേഷൻ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ജീവനക്കാർക്കും ആപ്പ് നിർബന്ധമാണ്.