കൊച്ചി: പട്ടിണിയെ നേരിടാൻ കൃഷി ചെയ്യാനൊരുങ്ങി കൊച്ചി കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. മണപ്പാട്ടി പറമ്പിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്താണ് കൃഷി ചെയ്യുക. ജനകീയാസൂത്രണത്തിന്റെ ഭാഗമായി നിലവിലുള്ള ഏഴ് കൃഷി പദ്ധതികളുടെ കൂടെ സുഭിക്ഷ കേരളത്തെ കൂട്ടി ചേർക്കാനാണ് തീരുമാനം. ഒരു സെന്റിലെ കൃഷിക്ക് സർക്കാർ 24 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഡിവിഷൻ തലത്തിലെ കാർഷികവൃത്തിക്ക് ഈ തുക മതിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ആരുടെയെങ്കിലും സ്‌പോൺസർഷിപ്പിലൂടെ ഒരു സ്ഥലത്ത് കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
#മാതൃകകൃഷി കേന്ദ്രമാക്കും
പച്ചക്കറിയ്ക്ക് കൊച്ചിയെ സ്വാശ്രയമാക്കുകയാണ് ലക്ഷ്യം. മണപ്പാട്ടിപ്പറമ്പിലെ സ്ഥലം മാതൃകാകൃഷിയിടമാക്കും. ഇതിനായി നാലു ലക്ഷം രൂപ കോർപ്പറേഷൻ അനുവദിച്ചു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഡിവിഷൻ തല സമിതികൾ രൂപീകരിക്കും.
സൗമിനി ജെയിൻ,മേയർ
# കൃഷിക്കും സ്‌പോൺസർഷിപ്പ്
*ഓരോ ഡിവിഷനിലും ഒഴിഞ്ഞ പറമ്പുകൾ കണ്ടെത്തുക
*സ്ഥലം വിട്ടുനൽകാൻ തയ്യാറുള്ള ഉടമകളുമായി ഡിവിഷൻ കൗൺസിലർ കരാർ ഒപ്പിടുക
*മണ്ണ് ഒരുക്കുന്നതിന് നഗരസഭ സൗകര്യം ചെയ്യും
*കൃഷിപ്പണികൾക്ക് തൊഴിലുറപ്പുകാരുടെ സൗജന്യസേവനം ലഭിക്കും
*കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിങ്ങനെ ആർക്കും കൃഷിയുടെ മേൽനോട്ടം ഏറ്റെടുക്കാം
*ഇവർക്കാണ് വിളകളുടെ ഉടസ്ഥാവകാശം
*സ്ഥലം ഉടമയ്ക്ക് കൃഷിയിൽ നിന്ന് നേട്ടമില്ല
# കൃഷി ചെയ്യാൻ ഇതാണ് സമയം
കൃഷിയിലും മൃഗസംരക്ഷണത്തിലും താത്പര്യമുള്ളവർക്ക് കോർപ്പറേഷനിൽ നിന്ന് ആവശ്യമായ സഹായങ്ങൾ ലഭിക്കും. അടുത്ത മാസം 30 വരെ അപേക്ഷകൾ നൽകാം. പച്ചക്കറിയ്ക്ക് നൂറു ശതമാനം സബ്‌സിഡി ലഭിക്കും. പത്തു കിലോ മണ്ണും വളവും അടങ്ങുന്ന ഗ്രോബാഗിന് 20 രൂപയാണ്. മൺചട്ടികളും ലഭ്യമാണ്. വാഴ വിത്ത്, തെങ്ങിൻതൈ , വിവിധയിനം കിഴങ്ങുകൾ ,ഫലവൃക്ഷ തൈ എന്നിവയെല്ലാം തുച്ഛമായ വിലയ്ക്ക് വാങ്ങാം. പത്തു കോഴികളും കൂടുമാണ് മറ്റൊരു പദ്ധതി. മൂന്നാം മാസം മുതൽ കോഴി മുട്ട ലഭിക്കും. ഒരു വ്യക്തിക്ക് രണ്ട് ആടുകളെ വരെ വാങ്ങാം. ഒരു ആടിന് 2500 രൂപയാണ് വില.വിത്തുകളും ഗ്രോബാഗുകളും ആവശ്യമുള്ളവർ കൗൺസിലർമാരെ ബന്ധപ്പെടണം
ഗ്രേസി ജോസഫ്,വികസനകാര്യ സമിതി അദ്ധ്യക്ഷ