കൊച്ചി: കൊവിഡ് ഭീതിയ്ക്കിടെ വരുന്ന കാലവർഷത്തെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് എറണാകുളം ജില്ല. കഴിഞ്ഞ പ്രളയവർഷങ്ങളിലെ ദുരിതം ആവർത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിന്റെ തിരക്കിലാണ് ജില്ലാ ദുരന്ത നിവാരണ സേന.

നാല് തരത്തിൽ ദുരിതാശ്വാസ ക്യാമ്പൊരുക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനുള്ള നിർദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കഴിഞ്ഞു.

ഇത്തവണ കൊവിഡ് ക്യാമ്പുകളും

കാലവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയായ ഓറഞ്ച് പുസ്തകം കഴിഞ്ഞ ദിവസം ലഭിച്ചു. ഇത്തവണ കൊവിഡിനെയും പ്രതിരോധിക്കണമെന്നതിനാൽ നാല് തരം ക്യാമ്പുണ്ടാകും.

പൊതുവായി ഉപയോഗിക്കുന്നത്

60 വയസിന് മേൽ പ്രായമുള്ളവർക്കായി

കൊവിഡ് ലക്ഷണമുള്ളവർക്ക്

വീടുകളിൽ ക്വാറന്റൈയിനിലുള്ളവർക്ക്

അവസാനത്തെ രണ്ടുവിഭാഗത്തിന് പ്രത്യേക ടോയ്ലറ്റ് സൗകര്യം വേണം. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയും കീഴിൽ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്.

സാധ്യതാഭൂപടം കിട്ടിയില്ല

ഓരോ പ്രദേശത്തെയും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ ഇവയെ ബന്ധിപ്പിക്കുന്ന റോഡുകൾ, പ്രദേശത്തെ പ്രധാന നദി, കായൽ തുടങ്ങിയ ജലസ്രോതസുകൾ ഇവയെല്ലാം പേരുകൾ ഉൾപ്പെടെയുള്ള സാധ്യതാഭൂപടം ഇതുവരെ ജില്ലാ ദുരന്ത നിവാരണ സേനയ്ക്ക് ലഭ്യമായിട്ടില്ല. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററാണ് ഇത് തയ്യാറാക്കി നൽകേണ്ടത്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ, കളക്ടറേറ്റിലെ നാച്ചുറൽ കലാമിറ്റി സെക്ഷൻ അതിലെ ഹാർഡ് അനലിസ്റ്റ് എന്നിവരാണ് കളക്ടേറ്റിലെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനം ഏകോപിപ്പിക്കുക.

ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്റർ

24 മണിക്കൂറും പ്രവർത്തിക്കും

റവന്യൂ, ഫയർഫോഴ്‌സ്, പൊലീസ് എന്നിവയിലെ ഓരോ ഉദ്യോഗസ്ഥർ വേണം
മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണം
പ്രവർത്തന സജ്ജമായ 2 മൊബൈൽ ഫോൺ, ഹോട്ട്‌ലൈൻ, ടോൾഫ്രീ നമ്പറുകൾ, പൊലീസ് വയർലെസ്, ഇന്റർനെറ്റ് എന്നിവ വേണം
ആകാശവാണിയുടെ ഏതെങ്കിലും മലയാള നിലയം എപ്പോഴും ശ്രവിക്കണം

"മേയ് മാസം 21ന് തന്നെ എം.എൽ.എമാരടക്കമുള്ളവരുടെ യോഗം ചേർന്ന് ആവശ്യം വേണ്ട മുന്നൊരുക്കത്തിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ ഓരോരുത്തർക്കും കൈമാറിയിട്ടുണ്ട്"

സന്ധ്യദേവി.കെ.ടി

ഡെപ്യൂട്ടി കളക്ടർ

ജില്ലാ ദുരന്ത നിവാരണ സേന