കൊച്ചി: ചില നിമിഷങ്ങൾ അങ്ങനെയാണ്, ഹൃദയം തൊടും! ഇന്നലെ എറണാകുളം ലിസി ആശുപത്രിയിൽ അത്തരമൊരു നിമിഷമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പലപ്പോഴായി പറന്നിറങ്ങി ജീവൻ രക്ഷപ്പെടുത്തിയ ഹൃദയങ്ങൾ തമ്മിൽ കണ്ട് വിശേഷങ്ങൾ പങ്കിട്ടു. വർഷങ്ങൾക്ക് മുമ്പ് ഇതേ ആശുപത്രിയിൽവച്ച് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടനും സന്ധ്യയും തിരുവനന്തപുരത്തെ ലാലി ടീച്ചറുടെ ഹൃദയം സ്വീകരിച്ച ലീനയെ സന്ദർശിക്കാനെത്തിയപ്പോൾ ആ രംഗത്തിന് സാക്ഷിയായവരുടെയും ഹൃദയംനിറച്ചു. സർക്കാരിന്റെ ഹെലികോപ്ടറിലാണ് രണ്ടാഴ്ച മുമ്പ് ലാലി ടീച്ചറുടെ ഹൃദയം പറന്നിറങ്ങിയത്. 2015 ൽ മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം നേവിയുടെ ഡോണിയർ വിമാനത്തിൽ എത്തിച്ചാണ് ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനിൽ വച്ചുപിടിപ്പിച്ചത്. 2016ൽ സമാനരീതിയിൽ എത്തിച്ച വിശാലിന്റെ ഹൃദയമാണ് സന്ധ്യയെ പുതുജീവിതത്തിലേക്ക് നയിച്ചത്. സ്വന്തമായി ഓട്ടോ ഓടിച്ചാണ് മാത്യു ജീവിക്കുന്നത്. അലങ്കാര മത്സ്യവില്പനയാണ് സന്ധ്യയുടെ ജീവിതമാർഗം. വർഷംതോറുമുള്ള തുടർപരിശോധനകൾക്കായാണ് മാത്യുവും സന്ധ്യയും ആശുപത്രിയിൽ എത്തിയത്. മാത്യുവിന്റെ ഒപ്പം ഭാര്യ ബിന്ദുവും സന്ധ്യയ്ക്കൊപ്പം മകൻ നാല് വയസുകാരൻ ഗൗതം, ഭർത്താവ് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. അവർ വരുന്നതറിഞ്ഞ് ലീന കാണാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സാധാരണജീവിതം നയിക്കുന്ന മാത്യുവിനെയും സന്ധ്യയെയും കണ്ടപ്പോൾ ലീനയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ലീനയ്ക്കും തങ്ങളെപ്പോലെ എത്രയുംവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്നാശംസിച്ചാണ് അവർ മടങ്ങിയത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം മുറിയിൽ വിശ്രമിക്കുന്ന ലീനയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനും ഇവരുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി.