കൊച്ചി: ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പാസാക്കിയ വ്യവസായികളുടെ ഇ.എസ്.എസ് സബിസിഡി കുടുശിക തുക അർഹതപ്പെട്ട മുഴുവൻ വ്യവസായികൾക്കും നൽകിയതിന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ധനകാര്യമന്ത്രിയെയും വ്യവസായ വകുപ്പ് മന്ത്രിയെയും അഭിനന്ദിച്ചു. 29 കോടിയോളം രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്. സംഘടനയുടെ അഭ്യർത്ഥന മാനിച്ച് സാമ്പത്തിക പരാധീനതകൾക്കിടയിലും വ്യവസായികളെ സഹായിക്കാൻ തയ്യാറായത് വ്യവസായ സമൂഹത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി എ. നിസാറുദ്ദീൻ പറഞ്ഞു.