കൊച്ചി: കൊവിഡിനെ പ്രതിരോധത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ കുറഞ്ഞ ചെലവിൽ ഒരുക്കിയിരിക്കുകയാണ് കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിട്യൂറ്റ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. മൂന്നാം വർഷ ഇലേക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ പി ഗീതേഷും റോൺ സ്റ്റീവും ചേർന്ന് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസർ സംവിധാനം നിർമ്മിച്ചത്. മന്ത്രി വി.എസ് സുനിൽകുമാറിന് ഉപകരണം കൈമാറി. ഇത് കളക്ടറേറ്റിൽ സ്ഥാപിച്ചു.
ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പ്രൊഫ. നൈബിൻ ജോർജ് കോളരിക്കലാണ് ഡിസ്‌പെൻസറിന്റെ നിർമാണത്തിന് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയത്. നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം മാനേജർ പ്രൊഫ. ദീപു കുര്യന്റെ നേതൃത്വത്തിൽ ജില്ലയിലെ പത്ത് ഓഫീസുകൾക്ക് സൗജന്യമായി ഓട്ടോമാറ്റിക് സാനിറ്റെസർ ഡിസ്‌പെൻസർ നൽകും. ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ് , മാനേജർ റവ. ഫാദർ ഡെന്നി മാത്യു ചെരിങ്ങാട്ട് , അസിസ്റ്റന്റ് മാനേജർ റവ.ഫാദർ ജോസഫ് രാജൻ കീഴവന, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു.
കൈനീട്ടിയാൽ സാനിറ്റൈസർ
കൈ വെറുതെ ഒന്ന് നീട്ടിയാൽ കൈകളിലേക്ക് ഹാൻഡ് സാനിറ്റൈസർ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. സ്പർശനം പൂർണമായി ഒഴിവാക്കാം. ഇൻഫ്രാ റെഡ് സെൻസറുകൾ ഉപയോഗിച്ച് ഓഫീസുകൾക്കകത്തും വീടിനകത്തും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസ്‌പെൻസർ നിർമ്മിച്ചിരിക്കുന്നത്. 500 രൂപയാണ് വില. 750 മില്ലി ലിറ്റർ സംഭരണ ശേഷിയുള്ള ഡിസ്‌പെൻസർ 652 തവണ ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ചും, വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാനാകും.