meenakshi-shaji
മീനാക്ഷി ഷാജി ചിത്രം വരയ്ക്കുന്നു

തൃപ്പൂണിത്തുറ: ഉപരിപഠനത്തിന് കാനഡയിലേക്ക് പറക്കാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു മീനാക്ഷി ഷാജി. കൊവിഡ് വ്യാപനവും പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്കും നീങ്ങിയതോടെ യാത്ര മുടങ്ങി. അതിയായ സങ്കടം. വീട്ടിലുള്ളതിന്റെ ആശ്വാസം ! വീടിന്റെ ചുമരിൽ ബുദ്ധന്റെ വലിയൊരു അക്രിലിക്കിൽ മ്യൂറൽ ചിത്രം വരച്ച് സങ്കടം മാറ്റിയെടുത്തു ഈ കലാകാരി. ചിത്രത്തിന് പന്ത്രണ്ട് അടിയിലധികം ഉയരവും ഏഴടിയോളം വീതിയുമുണ്ട്. ഒരു മാസമെടുത്തു പൂർത്തിയാക്കാൻ.

തെക്കൻ പറവൂർ പുതുക്കാട് വീട്ടിൽ ഷാജി -ലത ദമ്പതികളുടെ മകളാണ് മീനാക്ഷി. പ്ളസ്ടു പഠനം പൂർത്തിയാക്കി കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിൽ ഉപരിപഠനമായിരുന്നു ആഗ്രഹം. ഏപ്രിൽ 22ന് വിമാന ടിക്കറ്റും ബുക്ക് ചെയ്തു. ഇതിനിടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

പൂത്തോട്ട ശ്രീനാരായണ പബ്ലിക്ക് ചിത്രകലാ അദ്ധ്യാപകനായ ഉണ്ണി എം.മണിയാണ് മീനാക്ഷിയിലെ ചിത്രകലയിലെ അഭിരുചി ആദ്യം തിരിച്ചറിഞ്ഞത്.പിന്നീട് മ്യൂറൽ ചിത്രങ്ങൾ വരയ്ക്കുന്നതിൽ പരിശീലനം നൽകി. തെക്കൻ പറവൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിലേയ്ക്ക് കൃഷ്ണന്റെയും രാധയുടെയും വലിയ മ്യൂറൽ പെയിന്റിംഗ് വരച്ച് നൽകിയിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥി മഹാദേവാണ് സഹോദരൻ.

യാത്ര മുടങ്ങിയതിന്റെ സങ്കടത്തിലാണ് വീടിന്റെ ഭിത്തിയിൽ ഒരു മ്യൂറൽ ചിത്രം വരക്കാൻ തീരുമാനിച്ചത്. ഭാവിയിൽ ഏതു ജോലിയിലായാലും ചിത്രകലയെ ഉപേക്ഷിക്കില്ല. ഒരു ചിത്രപ്രദർശനം നടത്തണമെന്നുണ്ട്. ഉപരിപഠനം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.