തൃക്കാക്കര: ജില്ലയിൽ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാൻ കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ ഏപ്രിൽ മുതൽ സമൂഹ വ്യാപന സാധ്യത പരിശോധനകൾ നടക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ പത്ത് വീടുകൾക്ക് ഒരാൾ എന്ന രീതിയിലും ഗ്രാമപ്രദേശങ്ങളിൽ അഞ്ച് വീടുകൾക്ക് ഒരാൾ എന്ന രീതിയിലും നീരീക്ഷണത്തിനായി വളന്റിയർമാരെ നിയമിക്കും. പുറത്തു നിന്നും വരുന്നവരെ അതാത് പഞ്ചായത്തുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനുള്ള സംവിധാനം ഒരുക്കും. ഇതിനായി ജില്ലയിലെ സൗകര്യങ്ങളുള്ള അങ്കണവാടികൾ സജ്ജമാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
#ടെസ്റ്റുകൾ വർധിപ്പിക്കും
ഒരു ദിവസം 100 നടുത്ത് പേരെ ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കും. ലക്ഷണമുള്ളവരിൽ നടത്തുന്ന പരിശോധനയുടെ എണ്ണവും വർധിപ്പിക്കും. ലക്ഷണമുള്ളവരിൽ 180 മുതൽ 200 വരെ ആളുകളുടെ ശ്രവങ്ങളാണ് ഒരു ദിവസം പരിശോധനക്കെടുക്കുക.
#പൂർണ സജ്ജംഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ സമ്പർക്ക വിലക്കിൽ കഴിയേണ്ടവർക്ക് 4000 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. 700 വീടുകൾ പൂർപൂർണ സജ്ജമാണ്. മുനിസിപ്പിലാറ്റികളിൽ 169 ഫ്ലാറ്റുകളും വീടുകളും സജ്ജമാക്കി. പണം നൽകി സമ്പർക്ക വിലക്കിൽ കഴിയേണ്ടവർക്ക് ഇതുവരെ 21 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. അത് 60 ആക്കി ഉയർത്തിയിട്ടുണ്ട്. കൂടുതൽ പേർ സമ്പർക്ക വിലക്കിൽ കഴിയേണ്ടി വന്നാൽ കറുകുറ്റിയിലെ അഡ്ലക്സ് കൺവൻഷൻ സെന്റർ , നെടുമ്പാശ്ശേരിയിലെ ഹജ്ജ് കേന്ദ്രം എന്നിവ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.