കിഴക്കമ്പലം: കുരുന്നു മനസുകൾക്ക് ആദ്യക്ഷരങ്ങൾ പകർന്നു നൽകിയ ടീച്ചർക്ക് ആദരവ്. 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച തൃക്കളത്തൂർ ഓലിപ്പാറ അങ്കണവാടി ടീച്ചർ എം.വി. അന്നമ്മയെയാണ് ആദരിച്ചത്. ടീച്ചറുടെ ഭർതൃപിതാവ് സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച ബാലവാടിയാണ് പിന്നീട് അങ്കണവാടിയായി മാറിയത്. ആദ്യകാലത്ത് തുച്ഛമായ ഓണറോറിയം മാത്രമാണുണ്ടായിരുന്നത്. ടീച്ചറിന് സ്‌നേഹനിർഭരമായ യാത്രഅയപ്പ് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ മൂലം ചടങ്ങുകൾ നടത്തിയില്ല. തൃക്കളത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം വി.പി. സജീന്ദ്രൻ എം.എൽ.എ നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി ജോയി, എൻ.സി പൗലോസ്, കെ.വി അനീഷ് കുമാർ, ജോഷി പാറേക്കുടിയിൽ, ജോബിൻ പോൾ എന്നിവർ സംബന്ധിച്ചു.