ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടെ ബലിതർപ്പണം അനുവദിക്കണമെന്ന് മുൻ ഉപദേശക സമിതി ഭാരവാഹി വടക്കേടത്ത് അനിൽകുമാർ. ലോക്ക് ഡൗൺ നിയന്ത്രണം മുതലെടുത്ത് ചില പുരോഹിതന്മാർ ബലി തർപ്പണത്തിനെത്തുന്നവരെ വടക്കേ മണപ്പുറത്ത് എത്തിച്ച് തർപ്പണം നടത്തി വലിയ തുക ഈടാക്കുന്നുണ്ട്.മണപ്പുറത്തെ ശിവക്ഷേത്രത്തിനും വിശ്വാസത്തിനും കളങ്കം ചാർത്തുന്ന നടപടിയാണിത്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം പാലിച്ച് ദേവസ്വം ബോർഡിന്റെ നേരിട്ട നിയന്ത്രണത്തിൽ ബലിതർപ്പണത്തിന് സൗകര്യം അനുവദിക്കണമെന്നാണ് ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഉറപ്പ് നൽകിയതായും അനിൽകുമാർ പറഞ്ഞു.