തോപ്പുംപടി: രാമേശ്വരം കൽവത്തി കനാൽ ശുചീകരണത്തിൽ വൻ അനാസ്ഥ.കിഴക്ക് കൊച്ചി കായലും പടിഞ്ഞാറ് അറബികടലും ബന്ധപ്പെട്ട 5.8 കി.മി. നീളമുള്ള കനാൽ കൊച്ചിയുടെ അതിർത്തി കനാലായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് ചരക്ക് വള്ളങ്ങൾ സഞ്ചരിച്ചിരുന്ന കനാലായിരുന്നു ഇത്. മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി മേഖലയിലെ 14 ഓളം കോർപ്പറേഷൻ ഡിവിഷനുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കനാലാണിത്. പൈതൃക വിനോദ സഞ്ചാര കേന്ദ്രവും തീരദേശ നഗരിയും വാണിജ്യ മേഖല മടക്കമുള്ള ജനവാസ മേഖലയെ ദുരിതപൂർണമാക്കുന്നതിൽ കനാലിന്റെ ശോച്യാവസ്ഥക്ക് കാരണമായി. ചെളി നിറഞ്ഞതും മാലിന്യം നിറഞ്ഞതുമായ കനാൽ കൊച്ചിയിലെ കൊതുകു വളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിനും നീരൊഴുക്ക് തടയുന്നതിനും അതിർത്തി കനാൽ കാരണമാണ്.

#മുടക്കിയത് കോടികൾ

50 വർഷത്തിലേറെയായി നവീകരണങ്ങളൊന്നും നടക്കാത്ത കനാലിൽ ചെളി കോരി നീക്കുന്നതിനുമായും സംരക്ഷണത്തിനുമായി കഴിഞ്ഞ വർഷം 15 കോടി രൂപ ചെലവഴിച്ചു.കനാലിന് കുറുകെ പോകുന്ന പൈപ്പുകളും ചെറു പാലങ്ങളും കൈയ്യേറ്റങ്ങളുമായി മാറി. അധികാരികളുടെ അനാസ്ഥയും ചേർന്നതോടെ രാമേശ്വരം കൽവത്തി കനാൽ പശ്ചിമകൊച്ചിയിലെ ജനങ്ങളുടെ രോഗഭീതി ആശങ്കയും സൃഷ്ടിക്കുകയാണ്.

# പ്രക്ഷോഭം ഇന്ന്

രാമേശ്വരം കനാൽ ശുചീകരണത്തിന്റെയും സംരക്ഷത്തിനുമായി കേന്ദ്ര സഹായം അനുവദിച്ചിട്ടും അധികാരികൾ നിസംഗത പാലിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കനാൽ ശുചീകരണത്തിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ ഇന്ന് രാവിലെ 10ന് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നാട്ടുകാർ ചേർന്ന് പ്രക്ഷോഭംനടത്തും.