കോലഞ്ചേരി: കൊവിഡിനെതിരെ പട നയിക്കുന്നതിനിടെ ഡെങ്കിൾനിക്കെതിരെയും മേഖലയിൽ പ്രതിരോധം ശക്തമാക്കി. മഴക്കാലം തുടങ്ങിയതോടെ മേഖലയിൽ ഡെങ്കിപ്പനി പടരാനും സാദ്ധ്യതയേറി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ചാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് . ലോക്ക് ഡൗൺ കാലമായതിനാൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ സാധനസാമഗ്രികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ബ്രേക്ക് ദി ചെയിൻ കാമ്പയിന്റ ഭാഗമായി കൈകഴുകൽ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള അടപ്പില്ലാത്ത ബാരലുകളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
#ഈഡിസ് കൊതുകിനെ തുരത്താം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. റബർ , പൈനാപ്പിൾ തോട്ടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ വീണുകിടക്കുന്നതും ടാപ്പിംഗിനുശേഷം കമിഴ്ത്തി വെയ്ക്കാത്തതുമായ ചിരട്ടകൾ, റബർ തോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
# ഉറവിട നശീകരണം ചെയ്യാം
സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പൂച്ചെട്ടികളിൽ വെള്ളം കെട്ടിക്കിടക്കാതെയും മണിപ്ലാന്റ് പോലെയുള്ള അലങ്കാരച്ചെടികൾ വെയ്ക്കുന്ന ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റിയും ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്‌ളഷ് ചെയ്തും റബർ തോട്ടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്തിയുമാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനാൽ ആഴ്ചതോറും ഉറവിട നശീകരണം ചെയ്യണമെന്നാണ് നിർദേശം.