കൊച്ചി: പതിവുപോലുള്ള യാത്രപറച്ചിലുകൾ ഒന്നുമില്ലാതെ മാസ്‌കിൽ മറഞ്ഞ ചിരി പങ്കുവച്ച് അവർ വിടപറഞ്ഞു. പത്തു വർഷമായി കൂടെ പഠിച്ച സഹപാഠികളോട് കണ്ണുകൾ കണ്ട് യാത്ര പറഞ്ഞാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ മടങ്ങിയത്. കൊവിഡ് 'പരീക്ഷണം' തുടരുന്നതിനിടെ അത്യന്തം ജാഗ്രതയിലും കരുതലിലും എസ്.എസ്.എൽ.സി. പരീക്ഷകൾ പൂർത്തിയായി.
സാനിറ്റൈസർ, മാസ്‌ക്, സാമൂഹ്യ അകലം എന്ന പ്രോട്ടോക്കോളിൽ നിന്ന് അണുവിട മാറാതെയാണ് പരീക്ഷകൾ ക്രമീകരിച്ചത്. കൂട്ടുകാർ കൂട്ടംകൂടാതെയുള്ള പരീക്ഷ കുട്ടികൾക്കും പുതിയ അനുഭവമായി.
ചൊവ്വാഴ്ചയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്.
ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷ മറ്റു വിഷയങ്ങളെ അപേക്ഷിച്ച് എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പാഠഭാഗങ്ങളിൽ നിന്ന് നേരെയുള്ള ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്‌ക്കെത്തിയതെന്ന് വിദ്യാർത്ഥിനിയായ ഉണ്ണിമായ പറഞ്ഞു. പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും.
ജില്ലയിൽ പരീക്ഷയെഴുതാതെ ഒരാൾ
മൂന്നു ദിവസമായി നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിൽ ഒരു വിദ്യാർത്ഥിനിയാണ് പരീക്ഷ എഴുതാതിരുന്നത്. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല. എറണാകുളം വി.എച്ച്.എസ്.ഇ. ഇരുമ്പനം സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കുടുംബത്തോടെ സ്വദേശത്തേക്ക് മടങ്ങിയതിനാൽ പരീക്ഷയെഴുതാൻ സാധിച്ചില്ല.
എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളിൽ 31,687 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. 55 ക്ലസ്റ്ററുകളിലായി തിരിച്ചാണ് പരീക്ഷ നടന്നത്. 320 സെന്ററുകളാണ് പരീക്ഷയ്ക്കായി സജ്ജമാക്കിയത്. ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 510 പേർ പരീക്ഷയെഴുതി. തൃപ്പൂണിത്തുറ സംസ്‌കൃതം ഗവ. ഹൈസ്‌കൂളിൽ മൂന്ന് കുട്ടികളാണ് പരീക്ഷയെഴുതിയത്. അതത് ജില്ലയിൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി മറ്റു ജില്ലകളിൽ സൗകര്യം ഒരുക്കിയിരുന്നു.
അതിസുരക്ഷയിൽ പരീക്ഷ
എല്ലാ ദിവസവും അര മണിക്കൂറിനുമുമ്പേ വിദ്യാർത്ഥികൾ സ്‌കൂളിലെത്തി. വീട്ടിൽനിന്നും മാസ്‌ക് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്‌കൂൾ ഗേറ്റിന് സമീപംതന്നെ തെർമൽ സ്‌കാനിംഗ് നടത്തി. കുട്ടികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അധ്യാപകർ നൽകി. തെർമൽ സ്‌കാനിംഗ് നടത്തി കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ക്ലാസിൽ കയറിയത്. ഓരോ ദിവസവും പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറികൾ അണുവിമുക്തമാക്കി.