മൂവാറ്റുപുഴ: കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി. വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആവോലി ഇരളിയൂർമന ഇ.ജി. കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. ഇരളിയൂർമനയിൽ ഇ.കെ. ഗോവിന്ദൻ നമ്പൂതിരിയുടെയും ഇ.കെ കൃഷ്ണപ്രിയയുടെയും രണ്ടാമത്തെ മകനാണ് കേശവൻ. കൃഷ്ണപ്രിയയുടെ ഫോണിലൂടെയുള്ള അഭ്യർത്ഥന പ്രകാരമാണ് എൽദോസ് കുന്നപ്പിള്ളി സ്മാർട്ട് വൈറ്റ് കെയ്ൻ എത്തിച്ചുനൽകിയത്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ എൽദോസ് കുന്നപ്പിള്ളി പ്രതിനിധീകരിച്ച ഡിവിഷനാണ് ആവോലി. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ്, ജില്ലാ പ്രസിഡന്റ് രാജു ജോർജ് എന്നിവരുടെ സഹകരണത്തോടെയാണ് സ്മാർട്ട് വൈറ്റ് കെയ്ൻ നൽകിയത്.
ആവോലി പഞ്ചായത്തംഗങ്ങളായ ജോജി കുറുപ്പുമഠം, ഷിബു ജോസ്, ഷിമ്മി തോംസൺ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആൽബിൻ കുര്യൻ, സജോ സണ്ണി ചടങ്ങിൽ പങ്കെടുത്തു.
സാധാരണ വൈറ്റ് കെയ്‌ന്റെ അറ്റത്ത് ഘടിപ്പിക്കുന്ന ഒരു ചെറിയ അൾട്രാസോണിക് ഉപകരണമാണ് കെയ്‌നെ സ്മാർട്ടാക്കുന്നത്. ഈ ഉപകരണം പുറപ്പെടുവിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ വടിയുടെ മുകളിലും താഴെയും മുന്നിലുമുള്ള വസ്തുക്കളിൽതട്ടി തിരിച്ചുവന്നാണ് ചുറ്റുമുള്ള തടസങ്ങളെ കെയ്ൻ പിടിച്ചയാളെ സ്മാർട്ട് കെയ്ൻ അറിയിക്കുന്നത്. തടസങ്ങളുണ്ടെങ്കിൽ തരംഗങ്ങൾ എന്തിലെങ്കിലും തട്ടി തിരിച്ചുവന്നാൽ കെയ്ൻ വൈബ്രേറ്റ് ചെയ്യും. വീടിനും കെട്ടിടങ്ങൾക്കുമൊക്കെ അകത്ത് ഒന്നരമീറ്ററിനുള്ളിലും പുറത്ത് മൂന്ന് മീറ്ററിനുള്ളിലുമുള്ള തടസങ്ങളാണ് തിരിച്ചറിയുവാൻ സാധിക്കുന്നത്.