mla
മൂവാറ്റുപുഴ ത്രിവേണി ജൈവ ഉദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം അൽമരം നട്ട് കൊണ്ട് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കോതയാറും തൊടുപുഴയാറും കാളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിന്റെ മടിത്തട്ടായ പഴയ നാടുകാണിപാർക്ക് ത്രിവേണി ജൈവഉദ്യാനമായി മാറുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരസെന്റ് സ്ഥലവും വിരിവും ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സുജനപാലിന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശവാസികളുടെ കൂട്ടായ്മയായ യൂണിറ്റ് ലെവൽ ഓർഗനൈസേഷനാണ് പദ്ധതി നിർവഹണം നടത്തുന്നത്.


#ജൈവഉദ്യാനം

സ്വാഭാവികമായി വളർന്നുവന്ന് കൗതുകമുണർത്തുന്ന കാട്ടുവള്ളികളും ഉങ്ങ്, അമ, കണ്ടൽ കുറ്റിച്ചെടികൾ എന്നിവ അടങ്ങുന്ന സസ്യങ്ങൾ സംരക്ഷിച്ചും 21 ഇനം അത്യപൂർവങ്ങളായ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചുകൊണ്ടാണ് ത്രിവേണി ജൈവഉദ്യാനം നിർമിക്കുന്നത്. ഇലഞ്ഞി, ചിറ്റരസ, അരയാൽ, പേരാൽ, മുള, രാമച്ചം, ആറ്റുവഞ്ചി, തമ്പകം, തുടങ്ങിയ വൃക്ഷങ്ങൾ ജൈവഉദ്യാനത്തിൽ നട്ട് പരിപാലിക്കും.


# പദ്ധതി

കോൺക്രീറ്റ് നിർമിതികൾ ഒഴിവാക്കി പ്രകൃതി സൗഹൃദപരമായാണ് ഉദ്യാനത്തിന്റെ നിർമ്മാണം. തൊടുപുഴയാറിൽ നിന്നും വാച്ച് സ്റ്റേഷൻ റോഡിൽ നിന്നും ഒന്നരമീറ്റർ ഉയരത്തിൽ കെട്ടി സംരക്ഷിച്ച് ഉദ്യാനത്തിന്റെ ഉപരിതലത്തിൽ പുല്ലുകൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കും. ഉദ്യാനത്തിന്റെ അതിരുകളിലൂടെ മൂന്നടിവീതിയിൽ നടപ്പാത ഒരുക്കും.


#നിർമ്മാണോദ്ഘാടനം

മൂവാറ്റുപുഴ നഗരസഭ ഉദ്യാനത്തിന്റെ നിർമ്മാണത്തിനായി അഞ്ചുലക്ഷം രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. നിർമ്മാണോദ്ഘാടനം ആൽമരം നട്ട് എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ത്രിവേണി ജൈവഉദ്യാനം എന്ന നാമകരണവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ഹാരിസ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. സീതി, കൗൺസിലർമാരായ കെ.എ. അബ്ദുൽസലാം, സി.എം. ഷുക്കൂർ, കോതമംഗലം ഡി.എഫ്.ഒ. എസ്. ഉണ്ണിക്കൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകൻ ഡോ. ഷാജു തോമസ് എന്നിവർ പങ്കെടുത്തു.