കൊച്ചി: രണ്ടെണ്ണം അടിച്ചിട്ട് 64 ദിവസം പിന്നിട്ടവർക്ക് മുന്നിൽ ഇന്നലെ മദ്യശാല തുറന്നെങ്കിലും 'കിക്ക് ' അത്ര പോരാ. ആപ്പു തന്നെ ആദ്യ പണിപറ്റിച്ചു. പുലരുവോളം മൊബൈലിൽ ഇരുന്ന് കുത്തിയിട്ടും തഥൈവ. കിട്ടിയവർക്കാട്ടെ എട്ടിന്റെ പണിയും.

ചെല്ലാനം സ്വദേശിയായ വിൽഫ്രഡിന് ജവാൻ റം മതി. വിലയിൽ കുറവ്. ആപ്പ് പുള്ളിക്കാരനെ പറഞ്ഞുവിട്ടത് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്. അവിടെ രണ്ടായിരത്തിൽ കുറഞ്ഞ സാധനമില്ല. ജവാൻ മതിയെന്ന് പറഞ്ഞപ്പോൾ കൗണ്ടറിലിരുന്നയാൾ ഒന്നു പുഞ്ചിരിച്ചു. ഇവിടെ അത് കിട്ടില്ല. 'വേഗം പറ അടുത്തയാൾ ക്യൂവിലാണ്'. മൂന്നു ലിറ്റർ ജവാൻ വാങ്ങാൻ പോയ പാർട്ടി ഒരു ഫുള്ളുമായി ഗത്യന്തരമില്ലാതെ മടങ്ങി. ചീത്ത പറഞ്ഞെങ്കിലും ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ബാറുടമ. ഇന്നലെ മദ്യം വാങ്ങാനെത്തിയ മിക്കവരുടെയും അവസ്ഥയിതായിരുന്നു.

ആപ്പിലെ ആശയക്കുഴപ്പത്തിൽ മദ്യ കച്ചവടം കലങ്ങി മറിഞ്ഞുവെന്ന് ചുരുക്കം. സാമൂഹ്യ അകലം പാലിക്കാതെ പലയിടത്തും ആളുകൾ തടിച്ചു കൂടിയതോടെ പൊലീസ് രംഗത്തിറങ്ങി. കടവന്ത്രയിൽ ക്യൂ നിന്നവരുടെ ഫോട്ടായെടുത്ത പൊലീസ് ഫോട്ടാഗ്രാഫറെ ചീത്ത് വിളിക്കാൻ ചിലർ മത്സരിച്ചു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രകോപനം. ഇതിനിട‌ിയിൽ അതുവഴിയെത്തിയ ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലിയോട് ഫോട്ടോഗ്രാഫർ കാര്യം വിശദീകരിച്ചു. ബഹളമുണ്ടാക്കിയവർ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതിരുന്ന മുഴുവൻ പേരെയും അറസ്‌റ്റു ചെയ്‌തു. അവരുടെ കള്ളുകുടിയും മുട്ടി.

നഗരത്തിലെ ബാറുകളിൽ അവർ സ്ഥിരമായി വിൽക്കുന്ന മദ്യങ്ങൾ മാത്രമാണ് സ്‌റ്റോക്ക് ചെയ്‌തിരുന്നത്. ബിവറേജ് ഒൗട്ട്ലെറ്റുകളിലേതു പാേലെ കുറഞ്ഞ മദ്യം ലഭ്യമല്ല. ഇതോടെ നൂറു കണക്കിനാളുകളുടെ പ്രതീക്ഷയാണ് പൊലിഞ്ഞത്. ഒരു തവണ വാങ്ങിയാൽ നാലു ദിവസം കഴിഞ്ഞേ കിട്ടു. ഇതോടെ നാലെണ്ണം വാങ്ങാനെത്തിയവർ രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെട്ട് മടങ്ങി. ഇന്നും ഈ അവസ്ഥയാകരുതേയെന്നാണ് കാത്തു നിൽക്കുന്നവരുടെ പ്രാർത്ഥന.

ബിവറേജ് ഒൗട്ട്ലെറ്റുകൾ

ആകെ: 43

തുറന്നത്: 43

 ബാറുകൾ

ആകെ: 146

തുറന്നത്: 118

 ബിയർ - വൈൻ

ആകെ: 77

തുറന്നത് :48

 വിറ്റത് 21 കോടിയുടെ മദ്യം