കൊച്ചി : പാലാരിവട്ടം മുതൽ ഇടപ്പള്ളി തോട് വരെ നീളുന്ന മേഖലയിലെ പ്രധാന ജലനിർഗമന മാർഗമായ വാടത്തോട് ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഇടപ്പള്ളി ചന്ദ്രത്തിൽ റോഡ് റെസിഡൻസ് അസോസിയേഷൻ സ്വരക്ഷ ആവശ്യപ്പെട്ടു.
18 അടി വരെ വീതിയുണ്ടായിരുന്ന വാടത്തോട് കൈയേറ്റം മൂലം പലേടത്തും ഒരു മീറ്റർ വരയായി കുറഞ്ഞ് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ശക്തമായ മഴ പെയ്താൽ ചന്ദ്രത്തിൽ റോഡ് മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. സുഗമമായ ഒഴുക്കിന് പലേടങ്ങളിലും തടസങ്ങളുണ്ട്.
ഇടപ്പള്ളി ബൈപ്പാസിനടിയിലൂടെയാണ് വാടത്തോട് ഇടപ്പള്ളിത്തോട്ടിൽ പതിക്കുന്നത്. വീതികൂടിയ കനാലിലൂടെ വരുന്ന വെള്ളം ബൈപ്പാസിനടിയിലൂടെ കടത്തി വിടുന്നത് ഒരു മീറ്റർ വ്യാസമുള്ള പൈപ്പിലൂടെയാണ്. മഴക്കാലത്ത് വാടത്തോടിന് പരിസരങ്ങളെല്ലാം വെള്ളം നിറയാനുള്ള പ്രധാന കാരണവും ഇതുതന്നെ. ഈ പൈപ്പ് മലിന്യങ്ങളും കേബിളുകളും മറ്റും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട അവസ്ഥയിലുമാണ്.
പൈപ്പിന് പകരം റോഡിനടിയിൽ കൾവർട്ട് പണിയാൻ അധികൃതർ നടപടിയെടുക്കണമെന്നും ചന്ദ്രത്തിൽ റോഡ് ഉൾപ്പടെയുള്ള ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി വാടത്തോട് പുനരുജ്ജീവിപ്പിക്കണമെന്നും റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മാലിനി പ്രകാശ് ആവശ്യപ്പെട്ടു.