കോലഞ്ചേരി: കൊവിഡ് കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടെങ്കിൽ അത് രാഷ്ട്രീയക്കാർക്കാണ്. പ്രത്യേകിച്ച് ഇൗർക്കിൽ പാർട്ടികൾക്ക്.

ആളെക്കൂട്ടേണ്ട, മൈക്ക് വേണ്ട, വണ്ടി വേണ്ട, കസേര വേണ്ട, പന്തൽവേണ്ട, ചുളുവിന് എവിടെയും സമരം നടത്താം. അഞ്ചാളും മാസ്ക്കും ബാനറുമുണ്ടെങ്കിൽ എവിടെയും സമരം നടത്താമെന്നതാണ് ഇപ്പോൾ സ്ഥിതി.

സൂര്യനു താഴെയുള്ള എന്തു വിഷയത്തെ ചൊല്ലിയും പ്രതിഷേധിക്കാം. രാജ്യ തലസ്ഥാനം മുതൽ ഇങ്ങ് പോസ്റ്റ് ഓഫീസിന് മുന്നിൽ വരെ പ്രതിഷേധപ്പെരുമഴയാണ്. അഞ്ചുമിനി​റ്റിൽ പ്രതിഷേധം കനക്കും.അനുസ്മരണ സമ്മേളനത്തിനും എളുപ്പമായി. രക്തസാക്ഷി മണ്ഡപത്തിലോ ഗാന്ധിപ്രതിമയ്ക്കരികിലോ ചെന്ന് അഞ്ചുപേരുടെ ഒത്തുചേരൽ. ആരെ വേണമെങ്കിലും അനുസ്മരിച്ചുകളയാം. മുറിവാടക കൊടുക്കണം, ബാനർ വേണം. എത്തിച്ചേരുന്നവർക്ക് ഒരു ചായയെങ്കിലും കൊടുക്കണം, ചില സന്ദർഭങ്ങളിൽ വണ്ടിക്കാശും, പോക്കറ്റു മണിയും വേണം എന്നാലിപ്പോൾ ഇതൊക്കെ ലാഭം, നേതാവിന്റെ കീശ കീറില്ല. ലോക്ക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ ആദ്യമൊന്ന് ഞെട്ടിയ രാഷ്ട്രീയപ്പാർട്ടികൾ പതുക്കെ ഇത് മറികടക്കാനുള്ള വഴികൾ തേടി. ചില യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയും പ്രതിഷേധം മുഖാവരണം ധരിച്ചും നടത്തി തുടങ്ങി. ഇനിപ്പോൾ ലോക്ക് ഡൗൺ കുറച്ചുനീണ്ടാലും കുഴപ്പമില്ലെന്നാണ് ചില നേതാക്കൾ സ്വകാര്യമായി പറയുന്നത്. പ്രധാന ജംഗ്ഷനിൽ ഒരു പ്രതിഷേധ യോഗം നടത്തണമെങ്കിൽ ചുരുങ്ങിയത് 10,000 രൂപ വേണം. കുറച്ച് ആളുകളെ എത്തിക്കണം. ഉദ്ഘാടകന് പ്രസംഗിക്കാൻ ഓട്ടോറിക്ഷയെങ്കിലും മൈക്ക് കെട്ടി ഒരുക്കണം. മഴയായാലും വെയിലായാലും തുണിപ്പന്തൽ വേണം.മുഖാവരണം ധരിക്കുന്നതിനാൽ ഉദ്ഘാടന പ്രസംഗം പോലും ആവശ്യമില്ല. എല്ലാം പത്തുമിനി​റ്റിൽ അവസാനിക്കും. ഇതു മാത്രമല്ല പഴയ മീറ്റിംഗുകൾ നടത്തിയ വകയിലെ പറ്റു കാശും ലാഭം, മാസ്ക്കിട്ട് പുറത്തിറങ്ങുന്നതിനാൽ ആളെ തിരിച്ചറിയാതെ പണം കൊടുക്കേണ്ടവരും തിരിച്ചറിയുന്നില്ല. ഗ്രൂപ്പ് മാറി ആളെ കൂട്ടാനും നിഷ്പ്രയാസം കഴിയുമെന്നാണ് മറ്റൊരു നേതാവിന്റെ വാദം. മാസ്ക്ക് കവചമാകുന്നതോടെ അണികൾക്ക് ഏതു ഗ്രൂപ്പിലും ചാടാമത്രെ. ഒടുവിൽ രാജ്യമാകെ പ്രതിഷേധിക്കാനും സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിക്കാമെന്ന് പ്രമുഖ പാർട്ടി കൂടി തെളിയച്ചതോടെ കൊവിഡു കാലത്തും പ്രതിഷേധം കനക്കാൻ നിമിഷ നേരം മാത്രം മതിയെന്നായി. കേന്ദ്ര നേതൃത്വം മുതൽ മണ്ഡലം നേതൃത്വം വരെയാണ് ഒരേ സമയം വിവിധ നവ മാദ്ധ്യമങ്ങളിൽ ലൈവിൽ വന്ന് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.