കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വർക്ക് ഫ്രം ഹോം രീതിക്ക് വൻ പ്രചാരണമാണ് ലഭിച്ചത്. വർക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഗൂഗിൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കായി 1000 ഡോളർ അലവൻസ് ആണ് കമ്പനി നല്‍കുന്നത്. വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്.
അതേസമയം, ജൂലൈ 6 മുതൽ തങ്ങളുടെ ആകെ ശേഷിയുടെ 10ശതമാനം ഓഫീസുകൾ തുറക്കും എന്ന് ആൽഫബെറ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ ആകുമ്പോഴേക്കും എല്ലാ സാഹചര്യങ്ങളും അനുവദിക്കുകയാണെങ്കിൽ ഇത് ആകെ ശേഷിയുടെ 30 ശതമാനം ആയി ഉയർത്തുമെന്നും കമ്പനി അറിയിച്ചു. കമ്പ്യൂട്ടർ ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ ടേബിൾ പോലുള്ള ഫർണിച്ചറുകൾ അല്ലെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ സഹായകമാവുന്ന ഡിവൈസുകൾ എന്നിവയെല്ലാം വാങ്ങുന്നതിനാണ് 1000 ഡോളർ അഥവാ ഏകദേശം 75,000 രൂപയുടെ ഈ അലവൻസ് കമ്പനി നല്‍കുന്നത്.
ഈ വർഷം മുഴുവൻ ഭൂരിഭാഗം ഗൂഗിൾ ജീവനക്കാരും വീട്ടിലിരുന്നുതന്നെ ജോലിചെയ്യേണ്ടിവരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനായി ജീവനക്കാർക്ക് 1,000 യുഎസ് ഡോളർ അല്ലെങ്കിൽ അവരുടെ രാജ്യത്തെ കറൻസിക്ക് തുല്യമായ തുക നല്‍കുമെന്ന് ഗൂഗിൾ ജീവനക്കാർക്ക് അയച്ച ഇ- മെയിലിൽ ഗൂഗിളിന്റേയും ആൽഫ ബെറ്റിന്റേയും സിഇഒ ആയ സുന്ദർ പിച്ചൈ അറിയിക്കുന്നു.