കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് നിബന്ധനകൾ കർശനമാക്കാൻ തീരുമാനം. കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം സ്ഥിതിഗതികൾ വിലയിരുത്തി.നിലവിൽ രോഗം പിടിപ്പെട്ട വ്യക്തി കർശനമായ നിരീക്ഷണത്തിലായതിനാൽ ഭയപ്പെടേണ്ടതില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.പഞ്ചായത്തിലെ രണ്ട് പി.എച്ച്.സി.യിലേക്കും ആവശ്യമായ തെർമൽ സ്‌കാനർ നൽകുന്നതാണെന്ന് എം.എൽ.എ. അറിയിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ,സെക്രട്ടറി, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ,വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുത്തു.

#നിയമനടപടികൾ സ്വീകരിക്കും

സർക്കാർ നിർദേശ പ്രകാരമുള്ള സാമൂഹ്യ അകലം പാലിക്കുകയും എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മാസ്‌ക് ധരിക്കാത്തവരുടെ പേരിലും വ്യാജ പ്രചരണങ്ങൾ നടത്തുന്നവരുടെ പേരിലും കർശനമായ നടപടി സ്വീകരിക്കുന്നതാണെന്ന പൊലീസ് അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രക്കുകളിൽ എത്തുന്ന ഡ്രൈവർമാർ പ്രദേശങ്ങളിൽ ഇറങ്ങി നടക്കുന്നതും മ​റ്റുള്ളവരുമായി ഇടപഴകുന്നതും ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും.