tiktok

യുട്യൂബുമായുള്ള പോരിനിടെ പ്ലേ സ്റ്റോർ റേറ്റിംഗ് കൂപ്പുകുത്തിയ ടിക് ടോക് ആപ്ലിക്കേഷനെ സഹായിച്ച് ടെക് ഭീമൻ ഗൂഗിൾ. സെക്കൻഡുകൾ നീണ്ട് നിൽക്കുന്ന കൗതുകമുണർത്തുന്ന വീഡിയോകൾ അവതരിപ്പിക്കുന്ന ആപ്പാണ് ടിക് ടോക്ക്. റേറ്റിംഗിൽ താഴ്ന്നു കൊണ്ടിരുന്ന ടിക് ടോക്കിന് ഗൂഗിൾ സഹായിച്ചതോടെ വീണ്ടും മുന്നേറുകയാണ്.

യു ട്യൂബ് ആരാധകരും ടിക് ടോക്ക് ആരാധകരും തമ്മിൽ തുടരുന്ന പോരാണ് എല്ലാത്തിന്റേയും തുടക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്ത്യയിൽ നിരോധിക്കണമെന്ന് കാണിച്ച് നിരവധി ഹാഷ് ടാഗുകളാണ് ട്വിറ്ററിലും മറ്റും പ്രചരിച്ചത്. ഇത് നിരവധി പേർ ഏറ്റെടുത്തതോടെ ടിക് ടോക്കിന്റെ പ്ലേ സ്റ്റോർ റേറ്റിംഗ് 4.7ൽ നിന്നും 1.2ലേക്ക് താഴ്ന്നിരുന്നു. തുടർന്ന് അമ്പത് ലക്ഷത്തിലേറെ റിവ്യുകൾ നീക്കം ചെയ്ത് ഗൂഗിൾ സഹായിച്ചതോടെ ആപ്ലിക്കേഷന്റെ റേറ്റിംഗ് 1.2ൽ നിന്ന് 4.4ലേക്ക് എത്തി.