കുറുപ്പംപടി: പൊതു പൈപ്പിലൂടെ കുടിവെള്ളം കിട്ടാനില്ല. പഞ്ചായത്താണേൽ കുടിനീർ എത്തിക്കുന്നുമില്ല. കുളങ്ങളും കിണറുകളും വറ്റി. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾ കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. 1500 ലിറ്ററിന് 350 രൂപയാണ് നിരക്ക്. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ ജനങ്ങൾ ഇത് ഇരട്ടിപ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. കോടനാട്,​ ചുങ്കക്കുഴി,​ വടക്കമ്പള്ളി എന്നിവിടങ്ങളിലാണ് കുടിവള്ള ക്ഷാമം രൂക്ഷം. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി വൈകുകയാണ്.

പൈപ്പ് പൊട്ടൽ തുടർക്കഥ

അറ്റകുറ്റപ്പണി നടത്തും. തൊട്ടടുത്ത ദിവസം തന്നെ പൈപ്പ് പൊട്ടും. ഒടുവിൽ കുറിച്ചിലക്കോട് പുഞ്ചക്കുഴി പാലത്തിനു താഴത്തെ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടിയത്. ദിവസങ്ങളോളം ജലം പാഴായി. പരാതിപ്പെട്ടപ്പോൾ ഇതുവഴിയുള്ള ജലവിതരണം നിയന്ത്രിച്ചു. ഇതോടെ തൊട്ടടുത്ത പൈപ്പ് പൊട്ടി. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് ശുദ്ധജലം പാഴാകുന്നതിനും കുടിവെള്ള ക്ഷാമത്തിനും കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രശ്നമാര് പരിഹരിക്കും

കുടിവെള്ള ക്ഷാമം മൂലം ജനങ്ങൾ ജലവകുപ്പ് അധികൃതർക്ക് പരാതി നൽകി. ഉടൻ പരിഹാരം കാണുമെന്നായിരുന്നു മറുപടി. എന്നാൽ അതുണ്ടായില്ല. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവ് വരും. നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാൽ പൈപ്പ് മാറ്റിസ്ഥാപിക്കൽ നീളും. അതേസമയം,​ വേനലിൽ ജലദൗർലഭ്യമുള്ള ഉയന്ന പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ജലവകുപ്പിന്റെ നിലപാട്.

നിലവിൽ സ്വകാര്യവ്യക്തികളിൽ നിന്നും 1500 ലിറ്റർ വെള്ളം 350 രൂപയ്ക്കാണ് പ്രദേശവാസികൾ കുടിവെള്ളം വാങ്ങുന്നത്.ലോക്ഡൗണായതിനാൽ ഇത് കുടുംബങ്ങളുടെ ബജറ്റിന്റെ താളം തെറ്റിച്ചു.

സുകുമാരൻ മണിയത്ത്

പ്രസിഡന്റ്

കപ്പരിക്കാട് റെസിഡെന്റ് അസോസിയേഷൻ