വൈപ്പിൻ: 150ലധികം സ്വകര്യബസുകൾ സർവീസ് നടത്തുന്ന എറണാകുളം വൈപ്പിൻ മുനമ്പം പറവൂർ റൂട്ടുകളിൽ ജൂൺ ഒന്ന് മുതൽ ബസ് സർവീസ് ഉഷാറാകും. ബസ് ഗതാഗതം പുനാരാരംഭിച്ചിട്ട് ഒരാഴ്ച ആയെങ്കിലും ഇരുപതോളം ബസുകൾ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. അതാകട്ടെ റൂട്ട് മുഴുവൻ ഓടുന്നുമില്ല. എറണാകുളത്ത് നിന്ന് വരുന്ന ബസുകൾ ചെറായിയിലെത്തി മടങ്ങി പോകുകയാണ്. ചെറായിയിൽ നിന്ന് മുനമ്പത്തേക്ക് ബസുകൾ ഒന്നും ഓടുന്നുമില്ല. ഓടുന്ന ബസുകളിലാകട്ടെ പരിമിതമായ സീറ്റുകൾ നിറയുന്നുമില്ല. കൊവിഡ് കാലത്തേക്ക് യാത്രനിരക്ക് വർദ്ധിപ്പിച്ചിട്ടുപോലും തങ്ങൾക്ക് നഷ്ടമാണെന്നാണ് ബസുടമകളുടെ പരാതി. എന്നാൽ ദീർഘകാലം ബസുകൾ അനിശ്ചിതമായി ഓടാതെ കിടന്നാൽ കൂടുതൽ നഷ്ടങ്ങൾ തങ്ങൾ സഹിക്കേണ്ടി വരുമെന്നതാണ് െ്രെപവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ ലെനിൻ ചൂണ്ടിക്കാട്ടുന്നത്.


# എല്ലാ ബസുകളും തിങ്കളാഴ്ച മുതൽ

ബസുകൾ ഓൺ റോഡ് ആക്കാൻ അറ്റുകുറ്റപണികൾ നടത്തേണ്ടി വരും. ഇപ്പോൾ രണ്ട് മാസത്തേക്ക് സർക്കാർ അനുവദിച്ച ടാക്‌സ് ഇളവും ഇൻഷ്വറൻസ് ഇളവും ഇനി ലഭിക്കാൻ സാധ്യതയില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അല്പം നഷ്ടം സഹിച്ചാലും ബസുകൾ നിരത്തിലിറക്കാൻ ബസുടമകൾ തയ്യാറാവുന്നത്. തിങ്കളാഴ്ച മുതൽ എല്ലാ ബസുകളും ഓടി തുടങ്ങുമ്പോൾ ചെറായിയിൽ സർവീസ് അവസാനിപ്പിക്കാതെ റൂട്ട് മുഴുവൻ ഓടുകയും ചെയ്യും.