കൊച്ചി: റോഡ് നന്നാക്കുന്നതിനെ ചൊല്ലി ടൂറിസം, വാട്ടർ അതോറിറ്റി വകുപ്പുകൾ തമ്മിൽ വടംവലി. എറണാകുളം ബോട്ട് ജെട്ടിയിലേക്കുള്ള തകർന്നു കിടക്കുന്ന റോഡിനെ ചൊല്ലിയാണ് തർക്കം. ഇന്റർലോക്ക് ചെയ്ത് നല്ല ഭംഗിയായി പരിപാലിച്ചിരുന്ന റോഡാണ് ഇത്. പൈപ്പിടാൻ വേണ്ടി ഒരു മാസം മുമ്പ് വാട്ടർ അതോറിറ്റി റോഡ് പൊളിച്ചു. ടൈൽ ഇളക്കി നോക്കുമ്പോഴാണ് ആഴത്തിൽ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്തിരിക്കുകയാണെന്ന് കണ്ടെത്തിയത്. അതോടെ പൈപ്പിടാൻ നിർവാഹമില്ലെന്ന് പറഞ്ഞ് കരാറുകാരൻ പിൻമാറി. വഴി കുളമാക്കിയ വാട്ടർ അതോറിറ്റി പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല റോഡ് പഴയപടിയാക്കണമെങ്കിൽ അധികതുക നൽകണമെന്നും ആവശ്യപ്പെട്ടു. അതേസമയം ആദ്യം നിശ്ചയിച്ച തുകയിൽ ഇനി മാറ്റം വരുത്താൻ കഴിയില്ലെന്നാണ് ടൂറിസം അധികൃതരുടെ നിലപാട്

തുള്ളി വെള്ളമില്ലാതെ

ബോട്ട് ജെട്ടി

എറണാകുളം ബോട്ട് ജെട്ടി മന്ദിരം ടൂറിസം വകുപ്പിന്റെ കീഴിലാണ്. പൊതുജനങ്ങൾക്കായി പത്ത് ശൗചാലയങ്ങൾ പണി കഴിപ്പിച്ചെങ്കിലും വെള്ളമില്ലാത്തതിനാൽ എല്ലാം അടച്ചിട്ടിരിക്കുകയാണ്. താത്കാലിക ആവശ്യങ്ങൾക്ക് ടാങ്കറിൽ എത്തിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ ചീത്തവിളി കേട്ട് സഹികെട്ടതോടെ പുതിയ വാട്ടർ കണക്ഷനെടുക്കാൻ തീരുമാനിച്ചു. സർക്കാർ വകുപ്പാണെങ്കിലും പലരുടെയും കാലു പിടിച്ചും ശുപാർശ പറയിപ്പിച്ചുമാണ് കണക്ഷന്റെ കാര്യം ശരിയാക്കിയതെന്ന് ടൂറിസം വകുപ്പ് മേധാവി പറഞ്ഞു. രണ്ടു ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. ഒരു വർഷം മുമ്പ് ഫയൽ പാസായെങ്കിലും ഒരു മാസം മുമ്പാണ് പണി തുടങ്ങിയത്. റോഡിന്റെ തുടക്കം മുതൽ ജെട്ടി പരിസരം വരെ കുത്തിപ്പൊളിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ പണിയും അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിന്നിലുള്ള സ്ഥലത്തുകൂടി പൈപ്പിടാമെന്ന് വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വാക്കാൽ സമ്മതവും നൽകി. എങ്കിലും പൈപ്പീടിൽ എന്ന് തുടങ്ങുമെന്ന് ആർക്കും നിശ്ചയമില്ല

ആരും തിരിഞ്ഞു നോക്കാനില്ല

പൊട്ടിപ്പൊളിഞ്ഞ റോഡ് കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയായി മാറി. മഴ പെയ്താലുള്ള കാര്യം പറയാനുമില്ല. ഭിന്നശേഷിക്കാർ ഉൾപ്പെടെ നിരവധി പേർ ഈ വഴി യാത്ര ചെയ്യുന്നുണ്ട്.റോഡ് പൂർവ സ്ഥിതിയിലാക്കുന്നതിന് 18000 രൂപയാണ് കരാറുകാരൻ ആവശ്യപ്പെടുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു