കൊച്ചി: ജലനിരപ്പ് ക്രമമായി നിലനിറുത്തുന്നതിന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 150 സെന്റീമീറ്റർ തുറന്നു. പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അണക്കെട്ട് തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് വർദ്ധിക്കും. കാലവർഷത്തിന് മുമ്പ് ജില്ലയിൽ ആദ്യം തുറക്കുന്ന അണക്കെട്ടാണ് ഭൂതത്താൻകെട്ട്.
മഴക്കാലം എത്തും മുമ്പേ ജലനിരപ്പ് വർദ്ധിച്ച സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇടുക്കി അണക്കെട്ടു തുറക്കുന്നതിന് മുമ്പായി ഭൂതത്താൻകെട്ടും തുറന്നിരുന്നു. ഇക്കുറിയും പ്രളയസാദ്ധ്യത കണക്കിലെടുത്താണ് അണക്കെട്ട് നേരത്തെ തുറന്നത്.