കൊച്ചി: നഗരത്തിലെ നിരത്തുകളിലും ഇടവഴികളിലും പച്ചക്കറി, തേങ്ങ, സവാള എന്നു വേണ്ട നല്ല പെടക്കണ മീൻ വരെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നവരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. വണ്ടി വാടക മുതൽ വീട്ടു ചെലവു വരെ ലോക്ക് ഡൗണിൽ താളം തറ്റിയപ്പോൾ അന്നന്നത്തെ അന്നത്തിനായി പുതുമാർഗം തേടുന്നവരുടെ കൂട്ടത്തിൽ ഓട്ടോ ഡ്രൈവർമാർ മുതൽ സ്വകാര്യബസ് ജീവനക്കാർ വരെ ഉണ്ട്. ജീവിതം വഴിമുട്ടിയതോടെയാണ് ഇവർ തെരുവ് കച്ചവടവുമായി രംഗത്തിറങ്ങിയിത്.

100 രൂപയ്ക്ക് കിലോക്കണക്കിന് സാധനങ്ങൾ

അഞ്ച് തേങ്ങ, നാല് കിലോ പഴം, പൈൻ ആപ്പിൾ അഞ്ച് കിലോ എല്ലാം നൂറു രൂപയ്ക്കാണ് തെരുവോരങ്ങളിൽ ഇവർ വിറ്റഴിക്കുന്നത്. നാടൻ വരിക്കച്ചക്ക വില്പനയും പൊടി പൊടിക്കുകയാണ്.പച്ചക്കറി മാർക്കറ്റിൽ പോയി മൊത്തവിലക്ക് പച്ചക്കറി വാങ്ങി ഗ്രാമങ്ങളിലും മറ്റും തെരുവോരങ്ങളിൽ തമ്പടിച്ച് കുറഞ്ഞ ലാഭമെടുത്ത് വില്പന നടത്തുകയാണിവർ. മറ്റൊരു വിഭാഗമാവട്ടെ മൊത്ത വിപണിയിൽ നിന്ന് സവാള വാങ്ങി കിലോ കണക്കിന് വിൽക്കുകയാണ്. വീടുകളിൽ പോയി തേങ്ങവാങ്ങി പൊതിച്ച് ' രണ്ടര കിലോ നൂറ് രൂപ ' എന്ന ബോർഡുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്ന ഓട്ടോക്കാരുമുണ്ട്. പുഴ മീനുകളു കക്കയും വരെ ഓട്ടോയിൽ എത്തിച്ച് റോഡരുകിൽ പ്ലാസ്റ്റിക് ഷീറ്റ് വിറ്റഴിക്കുന്നവരാണ് ഒരു കൂട്ടർ.

ഇളവിലും വരുമാനമില്ല
ലോക്ക് ഡൗൺ പ്രഖ്യാപിച്ചയുടൻ ഒട്ടുമിക്ക ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും നിറുത്തിയിട്ടതാണ്. ലോക്ക് ഡൗൺ ഇളവു വന്നപ്പോൾ അത്യാവശ്യക്കാർ മാത്രമാണ് ഓട്ടോറിക്ഷകൾ ഓട്ടത്തിന് വിളിക്കുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ സർവീസ് നടത്തി നാലു മണിയോടെ ആളുകൾ കടന്നു പോവുന്ന പ്രദേശങ്ങളിൽ വില്പന നടത്തി വരികയാണ്. ബസുകൾ പലതും പൂർണമായും നിരത്തിലിറങ്ങിയിട്ടുമില്ല.

ജീവിക്കണ്ടേ ?

'എത്ര ദിവസമായി അടച്ചുപൂട്ടി വീട്ടിലിരിക്കുന്നു. മറ്റുള്ളവർക്കെല്ലാം പല വിധത്തിലുള്ള സഹായം ലഭിക്കുന്നുണ്ട്. ചിലർക്ക് വരുമാനവുമുണ്ട്. പക്ഷേ, ഓട്ടോ ഡ്രൈവർമാർക്ക് അഞ്ചുപൈസയുടെ വരുമാനമില്ല. ലോക് ഡൗൺ ഇളവുണ്ടെങ്കിലും ആരും ഓട്ടോകളിൽ കയറുന്നില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ ഒരു വഴിയും കാണാത്തതിനാലാണ് പച്ചക്കറി കച്ചവടവുമായി ഇറങ്ങിത്. തോപ്പുംപടിയിൽ ഓട്ടോ ഓടിക്കുകയായിരുന്നു.
അഷ്‌റഫ്
ഓട്ടോ ഡ്രൈവർ
ഇടക്കൊച്ചി പാലത്തിന് സമീപം മീൻ കച്ചവടം നടത്തുന്നു