കൊച്ചി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വാക്കാൽ പറഞ്ഞ ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു. അന്വേഷണത്തെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ സർക്കാർ സ്റ്റേറ്റ്മെന്റ് നൽകാനും നിർദ്ദേശിച്ച് ഹർജി ജൂലായിൽ പരിഗണിക്കാൻ മാറ്റി.
തമിഴ്നാട്ടിൽ രാജപാളയത്ത് രണ്ടു ആധാരങ്ങളിലായി ജേക്കബ് തോമസ് തന്റെയും ഭാര്യയുടെയും പേരിൽ 50.33 ഏക്കർ ഭൂമി 2001ൽ വാങ്ങിയെന്നും ഇതു വരുമാന സ്റ്റേറ്റ്മെന്റിൽ കാണിച്ചിരുന്നില്ലെന്നും വിലയിരുത്തിയാണ് വിജിലൻസ് കേസ്. ഇസ്ര അഗ്രോടെക് എന്ന കമ്പനിക്കു വേണ്ടി വാങ്ങിയ ഭൂമിയാണിതെന്നും നിരപരാധിയായ തന്നെ ദ്രോഹിക്കാനാണ് സർക്കാർ കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
കമ്പനിയുടെ പേരിലല്ല ജേക്കബ് തോമസ് ഭൂമി വാങ്ങിയതെന്നും ആധാരത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ജേക്കബ് തോമസ് എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകത്തിൽ നിന്നാണ് ഭൂമിയുടെ വിവരം പുറത്തുവന്നത്. ഭൂമി വില്പന ബിനാമി ഇടപാടാണെന്ന് കണ്ടെത്തി ചെന്നൈയിലെ അധികൃതർ ഭൂമി ഏറ്റെടുത്തെന്നും വസ്തുതകൾ പരിശോധിച്ചാണ് കേസെടുത്തതെന്നും ബോധിപ്പിച്ചു. തുടർന്നാണ് സ്റ്റേ ആവശ്യം നിരസിച്ചത്.