കോതമംഗലം: മഴ കനക്കുന്ന സാഹചര്യത്തിൽ മറ്റൊരു പ്രളയ സാധ്യത മുന്നിൽ കണ്ട് സ്വീകരിക്കേണ്ട മുൻ ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗം കോതമംഗലം താലൂക്ക് ഓഫീസിൽ ചേർന്നു.കഴിഞ്ഞ പ്രളയകാലത്ത് എഴുപതോളം ക്യാമ്പുകൾ താലൂക്കിൽ പ്രവർത്തിച്ചിരുന്നു.എന്നാൽ ഇക്കുറി കോവിഡിന്റെ പശ്ചാതലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പതിൻമടങ്ങ് ക്യാമ്പുകൾ വേണ്ടിവരും എന്നാണ് വിലയിരുത്തൽ .ഇതിന് വേണ്ട പ്രാഥമിക രൂപരേഖ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തിന് മുൻപായി മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ- കോതമംഗലം താലൂക്കുകളിൽ അടിയന്തിര ഇടപെൽ നടത്താനാണ് ആർഡിഒയുടെ തീരുമാനം.
#നാല് കാറ്റഗറി ക്യാമ്പുകൾ
കൊവിഡ് പശ്ചാതലത്തിൽ നാല് കാറ്റഗറികളായിട്ടായിരിക്കും ക്യാമ്പുകൾ സജ്ജമാക്കുന്നത് ഒന്നാമത്തേത് . പൊതുവായിട്ടുള്ളള ക്യാമ്പ് ,രണ്ടാമത് 60 വയസിന് മുകളിലുള്ളവരുടെ ക്യാമ്പ്, മൂന്നാമത്തെ ക്യാമ്പ് കോവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെ പാർപ്പിക്കാൻ ടോയലറ്റ് സൗകര്യത്തോടെയുള്ളത്.വീടുകളിൽ ക്വാറന്റയ്നിൽ കഴിയുന്നവരുടെ വീടുകളിൽ വെള്ളം കയറിയാൽ അവരെ ഉടനടി മാറ്റിപ്പാർപ്പിക്കാനുള്ളതാണ് നാലാമത്തേത്. ക്യാമ്പിന് ആവശ്യമായ കെട്ടിടങ്ങൾ താലൂക്കിലെ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസർരും രണ്ട് ദിവസത്തിനകം കണ്ടെത്തി തഹസിൽദാർക്ക് ലിസ്റ്റ് കൈമാറും.
#ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ
ഡാം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മുൻകൂട്ടി ക്യാമ്പിൽ എത്തിക്കാനും മഴ ശക്തമായി പെയ്യുന്ന സാഹചര്യം ഉണ്ടായാൽ പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ ഉള്ളവരെ മാറ്റിപാർപ്പിക്കാൻ വേണ്ട അടിയന്തിര നടപടി നേരത്തേ തന്നെ കൈക്കൊള്ളുവാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്യാമ്പുകൾ സജ്ജമാക്കാനും സന്നദ്ധ സംഘടനകൾക്കോ രാഷ്ട്രീയ പാർട്ടിക്കാർക്കോ ക്യാമ്പിൽ പ്രവേശനം അനുവതിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുതലെടുപ്പ് നടത്താതിരിക്കാനാണ് ഇത്തരം തീരുമാനം.