മൂവാറ്റുപുഴ: ശക്തമായ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ പായിപ്ര, മാനാറി പ്രദേശങ്ങളിൽ വൻ നാശനഷ്ടം വിതച്ചു. മരങ്ങൾ കടപുഴകി, വൈദ്യുതി ട്രാൻസ്ഫോമർ കാറ്റിൽ പറന്നു താഴെ വീണു. വൈദ്യുതിപോസ്റ്റുകൾ മറിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസപ്പെട്ടു. മാനാറിയിൽ നെല്ലിച്ചുവട്ടിൽ മുരളിയുടെ റബർത്തോട്ടത്തിലെ അൻപതോളം റബർ മരങ്ങളാണ് കടപുഴകിയത്. നെല്ലിചിചുവട്ടിൽ രാജമോഹന്റെ റബ്ബർ ,കമുകാ എന്നിവയും കടപുഴകി വീണു. ഉപ്പിലാശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിലെ തേക്ക് റോഡിലേക്കു മറിഞ്ഞു വീണു ഗതാഗത തടസം ഉണ്ടായി.പായിപ്ര മുതിരക്കാലായിൽ കുട്ടപ്പന്റെ 13 ജാതി മരങ്ങളും, അൻമ്പതോളം റബർ മരങ്ങളും മാവും, പ്ലാവും ,ആഞ്ഞിലി മരങ്ങളും കടപുഴകി വീണു. കുന്നത്ത് അജിയുടെയും കാഞ്ഞിരക്കുഴി വേലായുധന്റെയും കപ്പക്കൃഷി പൂർണമായി നശിച്ചു. മാനാറി പ്രദേശത്ത് തേക്ക്, കവുങ്ങ്, തെങ്ങ് തുടങ്ങിയവയെല്ലാം കടപുഴകി വീണു. പ്രദേശത്തെ വൈദ്യുതി തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മുജീബിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ നടപടികൾ ആരംഭിച്ചു. ട്രാൻസ്ഫോമർ ഇരുന്ന സ്ഥലത്തുനിന്നും മാറ്റി സ്ഥാപിച്ചുവെങ്കിലും പൊട്ടിവീണ വൈദ്യുതി ലൈനുകളും ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാൻ സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.വാളകം വെട്ടിക്കാവ് ഭദ്രകാളീക്ഷേത്രത്തിന് ഇടിമിന്നലേറ്റു. ശക്തമായ മിന്നലിൽ ക്ഷേത്രത്തിലെ വയറിംഗ് പൂർണമായും കത്തിനശിച്ചു. ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. ഓടുകൾ തെറിച്ചു പോയി. തൊട്ടടുത്തുള്ള പുളിക്കപ്പാറയിൽ രാജേഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.
#വീടുകൾ തകർന്നു
മൂന്ന് വീടുകളാണ് മരങ്ങൾ കടപുഴകി വീണു ഭാഗികമായി തകർന്നത്. ഇവിടെയുള്ള ട്രാൻസ്ഫോമർ കാറ്റിൽ പറന്നു സമീപത്തുള്ള പറമ്പിലേക്കു വീണു കത്തി. പത്തോളം വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണു വൈദ്യുതി ലൈനുകൾ പൊട്ടി. മലയിൽപുത്തന്‍പുരയിൽ വിധവയായ ബിന്ദുവിന്റെ വീട് മരം കടപുഴകി വീണു മേൽക്കുര തകർന്നു. പടിഞ്ഞാക്കര പ്രഭാകരന്റെ വീടിന്റെ മുകളിലേക്കു മരം വീണു ഭാഗികമായി തകർന്നു. ഇവിടെ തേക്ക്, ആഞ്ഞിലി, കവുങ്ങ് എന്നിവയും കടപുഴകി വീണിട്ടുണ്ട്. പായിപ്ര ലക്ഷം വീടികോളനിയിലെ സോമന്റെ വീടിന്റെ മേൽക്കൂ കാറ്റെടുത്തുപോയി .