ആലുവ: യു.ഡി.എഫ് ഭരണ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച ചൂർണ്ണിക്കര പഞ്ചായത്തിനെയും ഏലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ഇടമുള പാലത്തിൽ ജനകീയ അറ്റകുറ്റപ്പണിയുമായി എൻ.സി.പി പ്രവർത്തകർ. പാലത്തിൽ വിവിധ ഭാഗത്തായി നിരവധി വിളലുകളാണുള്ളത്. മാത്രമല്ല, കോൺക്രീറ്റും അടർന്ന് പോയ അവസ്ഥയിലാണ്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ നാട്ടുകാർ മരച്ചില്ലകൾ ഉറപ്പിച്ച് വച്ചാണ് അപകട സൂചന നൽകിയത്. ഈ ഭാഗത്താണ് എൻ.സി.പി പ്രവർത്തകർ കോൺക്രീറ്റ് ചെയ്തത്.
ഏഴുവർഷം മാത്രം പഴക്കമുള്ള പാലമാണ് പാലാരിവട്ടം പാലത്തിന്റെ തുടർക്കഥയായി ഇടമുള പാലവും മാറുമെന്നാണ് എൻ.സി.പി ആരോപിക്കുന്നത്. ചൂർണ്ണിക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ സമരം എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. അബ്ദുൾകരീം അദ്ധ്യക്ഷനായിരുന്നു. ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ, മുൻ പ്രസിഡന്റ് രാജു തോമസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി അനൂബ് നൊച്ചിമ, എൻ.വൈ.സി സംസ്ഥാന സമിതിയംഗം റാവുത്തർ, ഷെർബിൻ കൊറയ, ഹാരിസ് മിയ, മനോജ് പട്ടാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.