തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണ്ടി വരും
കൊച്ചി : പട്ടയ ഭൂമിയിലെ അനധികൃത നിർമ്മാണം തടയാൻ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യണമെന്ന ഉത്തരവ് പാലിക്കാത്തതിന്, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ
ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി ജൂൺ 16 നു വീണ്ടും പരിഗണിക്കും.
ഭൂമി സംരക്ഷിക്കാൻ സർക്കാരിന് ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ അത് ചട്ടത്തിൽ പ്രതിഫലിക്കണം. പട്ടയ ഭൂമിയിലെ അനധികൃത നിർമ്മാണം തടയണമെന്നുണ്ടെങ്കിൽ, തുടക്കത്തിലേ അത് കഴിയണം. അല്ലെങ്കിൽ അനധികൃത നിർമ്മാണങ്ങളെ സർക്കാർ പിന്തുണയ്ക്കുകയാണെന്ന് പറയേണ്ടി വരും. ബിൽഡിംഗ് പെർമിറ്റ് ഉൾപ്പെടെ മതിയായ അനുമതി വാങ്ങി നിർമ്മാണം പൂർത്തിയാക്കിയവർക്ക് പിന്നീട് റവന്യൂ നടപടികൾ നേരിടേണ്ടി വരുന്നതാണ് കേസുകൾക്ക് കാരണമെന്ന്സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കി 2019 സെപ്തംബർ 25 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. കെട്ടിട നിർമ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഇൗ ഉത്തരവനുസരിച്ച് വില്ലേജധികൃതർ തള്ളിയതു ചോദ്യം ചെയ്ത് ഇടുക്കി സ്വദേശിനി ലാലി ജോർജ് നൽകിയ ഹർജിയിൽ, സർക്കാരിന്റെ ഉത്തരവ് സംസ്ഥാനത്തൊട്ടാകെ ബാധകമാക്കാൻ സിംഗിൾബെഞ്ച് ജനുവരി 30 ന് ഉത്തരവിട്ടു. നാലു മാസം കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണചട്ടത്തിൽ ഭേദഗതി വരുത്താത്തതിരുന്നതിനാണ് ഹൈക്കോടതിയുടെ നടപടി.